ലഖ്നൗ: എതിര്‍ക്കുന്നവരും ആര്‍എസ്എസിന് സ്വന്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരുമിപ്പിച്ചുനിര്‍ത്തുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആരും സംഘത്തിന് അന്യരല്ല. ഇന്ന് സംഘത്തെ എതിര്‍ക്കുന്നു എന്ന് കരുതുന്നവരും അന്യരല്ല. സ്വന്തമാണ്. ആര്‍എസ്എസിനോടുള്ള അവരുടെ എതിര്‍പ്പ് രാഷ്ട്രത്തിനും സമാജത്തിനും ദോഷകരമായി മാറാതിരിക്കാന്‍ സംഘം ശ്രദ്ധിക്കുമെന്ന് മാത്രം, സര്‍സംഘചാലക് പറഞ്ഞു. അവധ് പ്രാന്തത്തിലെ സംഘടനാ യാത്രയ്ക്കിടെ ലഖ്നൗ നിരാല നഗറിലെ സരസ്വതി കുഞ്ചില്‍ പ്രമുഖവ്യക്തികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം നന്നാവുന്നതും ശക്തമാകുന്നതും ആര്‍എസ്എസ് ഉള്ളതുകൊണ്ടാണെന്നോ ആര്‍എസ്എസ് മൂലമാണെന്നോ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് സംഘം ആഗ്രഹിക്കുന്നില്ല. ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേക്ക് വീണ്ടും നയിക്കാന്‍ പ്രതിജ്ഞാബദ്ധരായ, ആ ദൗത്യം സ്വയമേറ്റെടുത്ത ഒരു തലമുറ ഇവിടെ വളരുക മാത്രമാണ് ലക്ഷ്യം. അതിനായാണ് സമാജത്തെയാകെ സംഘടിപ്പിക്കുക എന്ന പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് ശ്രദ്ധയൂന്നത്, സര്‍സംഘചാലക് വ്യക്തമാക്കി.സര്‍വലോകങ്ങളെയും ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള ഭാരതത്തെയാണ് സംഘം വിഭാവനം ചെയ്യുന്നത്. എല്ലാറ്റില്‍ നിന്നും വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന രാഷ്ട്രമല്ല അത്. എല്ലാവരേയും കൂട്ടിയിണക്കാനാണ് പരിശ്രമം. ആ ദൗത്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. സാമൂഹിക മാറ്റത്തിനായി സ്വയംസേവകര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നു. സമാജത്തില്‍ സ്വാധീനമുള്ളവരെന്ന നിലയില്‍ പ്രമുഖരായ വ്യക്തികള്‍ക്ക് ആ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.സമാജ പരിവര്‍ത്തനത്തിലും രാഷ്ട്രകാര്യത്തിലും ബദ്ധശ്രദ്ധരായി ആ ദിശയിലേക്കുള്ള മുന്നേറ്റത്തെ സഹായിക്കുന്ന ചെറുതും വലുതുമായ എന്ത് കാര്യങ്ങളും ചെയ്യാം. ഓരോരുത്തര്‍ക്കും എന്താണോ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യുകയാണ് വേണ്ടത്. അത് പവിത്രമായ കടമ എന്ന നിലയില്‍ ഏറ്റെടുക്കുകയും വേണം, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post