ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പ് കോച്ചുകള്‍ പുറത്തിറക്കുന്നു. സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്നാണ് സ്ലീപ്പര്‍ കോച്ചുകളുടെ പുതിയ ഡിസൈന്‍ നിര്‍മിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സ്ലീപ്പര്‍കോച്ചുകളുടെ മാതൃകയുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈശ്‌നവ് സമൂഹമമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കും.
കാരണം അവ ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കും. തദ്ദേശീയമായ സെമിലൈറ്റ് സ്പീഡ് ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
മറ്റ് ട്രെയിനുകളില്‍ നിലവിലുള്ള സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിശാലമായ ബെര്‍ത്തുകളും തെളിച്ചമുള്ള ഇന്റീരിയറും ട്രെയിനിലുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെയിനില്‍ വിശാലമായ ടോയ്‌ലറ്റുകളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്ലീപ്പര്‍ പതിപ്പിനൊപ്പം വേഗത, സുരക്ഷ, സേവനം എന്നീ മൂന്ന് പ്രധാന മേഖലകളും റെയില്‍വേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
‘വന്ദേ മെട്രോ’ എന്ന പേരില്‍ പുതിയ തരം വന്ദേ ഭാരത് ട്രെയിനും ഐസിഎഫ് വികസിപ്പിക്കുന്നുണ്ട്. ഹ്രസ്വദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത 12 കോച്ചുകളുള്ള ട്രെയിനാണിത്. അതിനിടെ, റെയില്‍വേ ഒക്‌ടോബര്‍ ഒന്നു മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി ’14 മിനിറ്റ് ക്ലീന്‍അപ്പ്’ ആശയം അവതരിപ്പിച്ചു. ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ മാതൃക ഉദാഹരണമാക്കി ഏഴ് മിനിറ്റിനുള്ളില്‍ ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്തു. നിരവധി റൂട്ടുകളില്‍ ഇന്ത്യന്‍ റെയില്‍വേ ഒമ്പത് സെമിഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അതിനായി ഐസിഎഫ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്‍ഡോര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, ജയ്പൂര്‍-ഉദയ്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, പുരി-റൂര്‍ക്കേല വന്ദേ ഭാരത് എക്‌സ്പ്രസ്, പട്‌ന-ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, ജയ്പൂര്‍- ചണ്ഡീഗഡ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിങ്ങനെ മൊത്തം ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളില്‍ അഞ്ചെണ്ണത്തിനും താല്‍ക്കാലിക റൂട്ടുകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post