ഭോപ്പാൽ: സർക്കാർ ജോലിയിൽ വനിതകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനമിറക്കി മദ്ധ്യപ്രദേശിലെ ബിജെപി സർക്കാർ. 1997 ലെ മദ്ധ്യപ്രദേശ് സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. വനം ഒഴികെയുളള എല്ലാ വകുപ്പുകൾക്കും പുതിയ ഭേദഗതി ബാധകമാണെന്ന് സർക്കാർ അറിയിച്ചു.
പോലീസ് സേനയിൽ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും 35 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവാജ്‌സിംഗ് ചൗഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അദ്ധ്യാപന മേഖലയിൽ 50 ശതമാനം ഒഴിവുകളും സ്ത്രീകൾക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
വീട്ടമ്മമാർക്ക് സർക്കാർ നൽകുന്ന പ്രതിമാസ സഹായ തുക ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തുക കൈമാറാൻ സാധിക്കില്ല. അതിനാൽ നേരത്തെ തന്നെ തുക അക്കൗണ്ടുകളിലേക്ക് എത്തും. പ്രതിമാസം 1,250 രൂപയാണ് പദ്ധതി പ്രകാരം അർഹരായ സംസ്ഥാനത്തെ വീട്ടമ്മമാർക്ക് ലഭിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പ്രചരണങ്ങളിൽ ഒരു പടി മുന്നിലാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നേരത്തെ ആരംഭിക്കാൻ സാധിച്ചതും കേന്ദ്രമന്ത്രിമാർ സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരുന്നതും ബിജെപിയുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. ഗ്വാളിയാർ മേഖലയിൽ നിർണായക സ്വാധീനമുള്ള ജ്യോതിരാദിത്യ സിന്ധ്യ ബിജെപിക്കൊപ്പം ഉള്ളതും പാർട്ടിക്ക് കൂടുതൽ ശക്തി പകരുന്നു.
Discussion about this post