ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടില്ലെന്നാരോപിച്ച് പ്രതിപക്ഷം പൗരത്വ ഭേദഗതി ബില്ലിനെ അപ്രസക്തമാക്കാന്‍ നോക്കിയപ്പോള്‍ വ്യക്തമാകുന്നത് പാരമ്പര്യത്തിന്റെ മേല്‍ അവകാശവാദം ഉയര്‍ത്താനല്ലാതെ ഭാരതത്തിന്റെ അതിര്‍ത്തിപോലും അറിയാത്ത ഒരു കൂട്ടം കോമാളികളെയാണ് ജനപ്രതിനിധികളായി കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്റിലേക്കയച്ചത് എന്നുതന്നെയാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ പൗരന്റെ ചിലവില്‍ പാക്കിസ്ഥാന്‍ സ്തുതി നടത്തി വിശ്വപൗരനായി മാറാനുള്ള കുതന്ത്രങ്ങള്‍ നടപ്പാക്കുന്ന വഞ്ചകരെ. ഇന്ത്യ അതിര്‍ത്തിപങ്കിടുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷക്കാരായ പീഡിതര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്ത പ്രതിപക്ഷം പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്ന കാര്യം മനപൂര്‍വം വിസ്മരിച്ചതാകാന്‍ സാധ്യതയില്ല. കാരണം പാക് അധീന കശ്മീരിനെ ഇടതുപക്ഷക്കാര്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളത് അത് പാക്കിസ്ഥാന്റെ മണ്ണാണ് എന്നുതന്നെയാണ്. അവരെ കടമെടുത്ത് ചരിത്രം അഭ്യസിക്കാന്‍ പോയ കോണ്‍ഗ്രസുകാര്‍ പാക്കിസ്ഥാന്‍ കൈയടക്കിയ പ്രദേശത്തെ അവരുടെ തന്നെ സ്ഥലമായി അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്, ചെയ്തുകൊണ്ടിരിക്കുന്നത്.
106 കിലോമീറ്റര്‍ നീളത്തില്‍ അഫ്ഗാനുമായി ഭാരതം അതിര്‍ത്തി പങ്കിടുന്നുണ്ടെന്ന ആഭ്യന്തരമന്ത്രിയുടെ വാദത്തിനെതിരെ നിലനിന്ന പ്രതിപക്ഷം സ്വയം അപഹാസ്യരാവുന്ന കാഴ്ചയാണ് കണ്ടത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതല്ലേ എന്ന അമിത് ഷായുടെ ചോദ്യത്തോടെ മൗനത്തിലായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. 1970കളിലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പ്രദേശങ്ങള്‍ കൂടി പിടിച്ചെടുത്ത ഇന്ത്യന്‍ സൈന്യത്തെ വിജയശൃംഗത്തില്‍ നിന്നും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട ഇന്ദിരയുടെ പിന്മുറക്കാര്‍ അതിര്‍ത്തിക്കാര്യത്തില്‍ അജ്ഞരാവുന്നത് ആദ്യമല്ലെന്ന് നിരീക്ഷകര്‍ വിശദീകരിച്ചു. മാതൃരാജ്യത്തിന്റെ അതിര്‍ത്തിപോലും അറിയാതെ നിയമനിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ ഇന്ത്യന്‍ പൗരന്റെ ആത്മാഭിമാനത്തെ ചവിട്ടി മുറിവേല്‍പിക്കുന്നത് ആദ്യസംഭവമല്ലെന്ന കാര്യവും വിസ്മരിച്ചുകൂട. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ആവശ്യമില്ലെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശത്തെ പുച്ഛിച്ചു തള്ളിയ നെഹ്‌റുവിന്റെയും പിന്മുറക്കാരുടെയും നിലപാടുകള്‍ പലപ്പോഴും സംശായസ്പദമായി വന്നിട്ടുണ്ട്, പ്രത്യേകിച്ചും കശ്മീരിന്റെ കാര്യത്തില്‍. കശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച മുതല്‍ നെഹ്‌റു കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കണ്ടിട്ടുണ്ടോ എന്ന സംശയം പോലും ഉടലെടുക്കുകയാണ്. കശ്മീരിന്റെ കുറച്ചുഭാഗം പാക്കിസ്ഥാന്‍ കൈയടക്കിയപ്പോള്‍ അതുതിരിച്ചുപിടിക്കാന്‍ കൂട്ടാക്കാതിരുന്നതും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണകൂടം തന്നെയാണ്. അവിടെ നിന്നുതന്നെ പാക് അധീന കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗീകരിച്ചു തുടങ്ങിയതായിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ പാക് അധീന കശ്മീരിനെ ഭാരതത്തിന്റെ തന്നെ ഭാഗമായി കാണുന്നതുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്ന് ഉറച്ച ശബ്ദത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഫലത്തില്‍ കോണ്‍ഗ്രസുകാരുടെ അജ്ഞതയും വിഡ്ഢിത്തരങ്ങളും ഭാരതീയര്‍ക്ക് മറനീക്കി കാണിച്ചുകൊടുക്കുകയാണ് അവര്‍തന്നെ ചെയ്യുന്നത് എന്നും പറയേണ്ടിയിരിക്കുന്നു.
Discussion about this post