നാഗ്പൂര്‍: സമാജത്തില്‍ അവിശ്വാസത്തിന്റെയും ഭിന്നതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ശക്തികളുടെ തന്ത്രങ്ങളില്‍ കുടുങ്ങരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭിന്നത ആഗ്രഹിക്കുന്നവര്‍ക്കുള്ള മറുപടി ഏകതയാണ്. പരസ്പരം സ്വന്തമെന്ന ഭാവമുണ്ടാകുമ്പോഴാണ് ഐക്യം രൂപപ്പെടുന്നത്. നമ്മള്‍ ഒന്നായത് ഒരേ പൂര്‍വികരുടെ പരമ്പരയായതിനാലാണ്, ഒരേ മാതൃഭൂമിയുടെ മക്കളായതിനാലാണ്. മാതൃഭൂമിയോടുള്ള ഭക്തി, പൂര്‍വികരിലുള്ള അഭിമാനം, സമാന സംസ്‌കൃതി എന്നിവയാണ് രാഷ്ട്രഏകതയുടെ പൊട്ടാത്ത ചരട്, സര്‍സംഘചാലക് പറഞ്ഞു. രേശിംബാഗ് മൈതാനത്ത് ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഐക്യത്തിന്റെ ഈ ഭാവത്തെ തകര്‍ക്കാനാണ് രാഷ്ട്രവിരുദ്ധ ശക്തികള്‍ ടൂള്‍കിറ്റുകള്‍ സൃഷ്ടിക്കുന്നത്. അവര്‍ ചെറിയ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടും. ഭയം വളര്‍ത്തും. അസത്യങ്ങള്‍ പ്രചരിപ്പിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സമാജത്തിന്റെ ഒരുമ ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം മരണക്കളികളില്‍പെടാതെ ഒഴിഞ്ഞുനില്ക്കണം, അദ്ദേഹം പറഞ്ഞു.
എല്ലാ നന്മകളെയും എതിര്‍ക്കുന്ന ചിലരുണ്ട്. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ അഥവാ വോക്കിസ്റ്റുകള്‍ എന്നാണ് അവരെ വിളിക്കുന്നത്. വിവാഹം സംസ്‌കാരം തുടങ്ങി എല്ലാ നല്ല സംവിധാനങ്ങളെയും എതിര്‍ക്കും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെറ്റിദ്ധാരണ പരത്തി ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെ കുപ്പായത്തില്‍ ഒളിക്കും. മാധ്യമങ്ങളെയും അക്കാദമികളെയും കൈയിലെടുത്ത് വിദ്യാഭ്യാസം, സാംസ്‌കാരികം, രാജനീതി തുടങ്ങി എല്ലാറ്റിലും സമാജത്തിലുടനീളം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കും. അപവാദപ്രചരണമാണ് അവരുടെ കാര്യപദ്ധതി. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രചാരവും അംഗീകാരവും നല്കലാണ് അവര്‍ ചെയ്യുന്നത്.
മണിപ്പൂരിലെ അവസ്ഥയ്ക്ക് പിന്നില്‍ ഒരുപാട് സംശയങ്ങളുണ്ട്. എന്തുകൊണ്ടാണ് പൊടുന്നനെ ഇങ്ങനെ ഒരു സാഹചര്യമുണ്ടായത്. സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം എന്തിന് ആര് ചെയ്തു? വര്‍ഷങ്ങളായി അവിടെ സമഭാവത്തോടെ സേവനം ചെയ്യുന്ന ആര്‍എസ്എസ് പോലുള്ള സംഘടനയെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരുടെ സ്വാര്‍ത്ഥതയാണ്? അശാന്തി സൃഷ്ടിക്കുന്നത് കൊണ്ട് ലാഭമുണ്ടാകുന്ന ഏതെങ്കിലും വിദേശ ഭരണകൂടത്തിന്റെ താത്പര്യങ്ങളിതിലുണ്ടോ? തെക്ക് കിഴക്കന്‍ ഏഷ്യയില്‍ വര്‍ഷങ്ങളായുള്ള ഭൂ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടോ? രാജ്യത്ത് ശക്തമായ ഭരണകൂടമുണ്ടായിട്ടും ആരുടെ ബലത്തിലാണ് ഇത്രയും കാലമായി അവിടെ സംഘര്‍ഷം തുടരുന്നത്, തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ സമാധാനത്തിന്റെ വഴിയില്‍ ചില നീക്കങ്ങള്‍ നടത്തുന്ന സമയത്ത് പുതിയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരുകളുടെ ഇച്ഛാശക്തി മാത്രം പോരാതെ വരും, ജനങ്ങളിലുടലെടുത്ത അവിശ്വാസം പരിഹരിക്കാന്‍ അവരെ ബോധവത്കരിക്കാന്‍ പ്രാപ്തരായ സജ്ജനങ്ങളുടെ നേതൃത്വം വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഏത് സാഹചര്യത്തിലും, എത്ര അന്യായമായാലും, ക്രമസമാധാനവും അച്ചടക്കവും ഭരണഘടനയും നിര്‍ബന്ധമായും പാലിക്കണം. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഈ അച്ചടക്കം ദേശസ്‌നേഹത്തിന്റെ പ്രകടനമാണ്. പ്രകോപനപരമായ പ്രചാരണങ്ങളിലും തുടര്‍ന്നുയരുന്ന ആരോപണ, പ്രത്യാരോപണങ്ങളിലും കുടുങ്ങരുത്. സത്യവും ആത്മീയതയും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കണം. നിയമങ്ങളെയും ഭരണഘടനയെയും സമാജത്തെയും സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിനായുള്ള സര്‍ക്കാരിന്റെ ഉചിതമായ നടപടികളോട് സഹകരിക്കുക എന്നതാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ ആശാസ്യമല്ലെങ്കിലും അത് നടക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഒഴിവാകണം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, അസ്മിത, വികസനം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണം, സര്‍സംഘചാലക് പറഞ്ഞു.
പരിപാടിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായി. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, വിദര്‍ഭ പ്രാന്തസംഘചാലക് രാംജി ഹര്‍കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, സഹസംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ എന്നിവര്‍ പങ്കെടുത്തു.
ഓരോ മനസിലും ശ്രീരാം ലല്ലയെ പ്രതിഷ്ഠിക്കണം
ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഓരോ മനസിലും അയോധ്യ ഉണരണം. ജനുവരി 22 ന് പ്രാണപ്രതിഷ്ഠ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നു. സുരക്ഷാകാരണങ്ങളും സൗകര്യങ്ങളിലും മറ്റുമുള്ള പ്രതിസന്ധികളും കൊണ്ട് ഈ ശുഭമുഹൂര്‍ത്തത്തില്‍ വളരെ കുറച്ച് ആളുകള്‍ക്കേ പങ്കെടുക്കാനാവുകയുള്ളൂ. ശ്രീരാമന്‍ നമ്മുടെ ദേശീയാചരണത്തിന്റെ ആദരവിന്റെയും കര്‍ത്തവ്യപാലനത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം എല്ലാ സ്ഥലങ്ങളില്‍ സൃഷ്ടിക്കണം. ഓരോ ഹൃദയത്തിലും ശ്രീരാമലല്ലയുടെ പ്രതിഷ്ഠ നടക്കണം. എല്ലായിടത്തും സ്‌നേഹത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം ഉയര്‍ത്തി ചെറിയ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കണം.
Discussion about this post