ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാളിയും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നായകനുമായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മദിനം ആഘോഷിച്ച് രാജ്യം. മുണ്ടയുടെ ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ആഘോഷങ്ങളുടെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ ആയിരക്കണക്കിന് പട്ടികവര്‍ഗ ഊരുകളിലും ബിര്‍സാ മുണ്ട ജയന്തി പട്ടികവര്‍ഗ സ്വാഭിമാന ദിനമായി ആഘോഷിച്ചു.
രാജ്യത്തെ 11 കോടിയോളം വരുന്ന പട്ടികവര്‍ഗ ജനവിഭാഗത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളും പട്ടികവര്‍ഗ സമൂഹത്തിന് നല്കിയ പരിഗണനയും ദൃശ്യമാക്കിയ നിമിഷങ്ങളായിരുന്നു ബിര്‍സാമുണ്ട ജയന്തിയിലൂടെ കാണാനായത്. പാര്‍ലമെന്റില്‍ ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി. ഗിരിവര്‍ഗ കലാകാരന്മാര്‍ക്കൊപ്പം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നൃത്തം ചെയ്തതും ഉപരാഷ്‌ട്രപതിയും ലോക്‌സഭാ സ്പീക്കറും ഡ്രം വായിച്ച് നൃത്തം ചെയ്തതും ആവേശക്കാഴ്ചകളായി.
ജയന്തി ആഘോഷങ്ങള്‍ക്കായി ഝാര്‍ഖണ്ഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പട്ടികവര്‍ഗ ജനവിഭാഗം വലിയ സ്വീകരണമാണ് ഒരുക്കിയത്. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോയും റാഞ്ചിയില്‍ നടന്നു. ഭഗവാന്‍ ബിര്‍സാ മുണ്ട മെമ്മോറിയല്‍ പാര്‍ക്കിലും സ്വാതന്ത്ര്യ സമര പോരാട്ട മ്യൂസിയത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. കുന്തി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിലെത്തിയ മോദിയെ പട്ടികവര്‍ഗ ജനത അത്യന്തം ആവേശത്തോടെയാണ് സ്വീകരിച്ചത്. മുണ്ടയുടെ ജന്മഗ്രാമം സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Discussion about this post