ലഖ്നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കായി പ്രപഞ്ചമാകെ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛഠ് പൂജയിലൂടെ പ്രകൃതിയും ഈ ഉത്സവത്തില്‍ പങ്കുചേരുന്നു. സൂര്യദേവനെ നമസ്‌കരിച്ചും. നദീവന്ദനം ചെയ്തും എല്ലാവര്‍ക്കുമൊപ്പം ഛഠ് പൂജയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഛഠ് പൂജയോടനുബന്ധിച്ച് ലഖ്‌നൗ ലക്ഷ്മണ്‍മേള മൈതാനത്ത് ഭോജ്പുരി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് അമ്മമാരും സഹോദരിമാരും പ്രകൃതിയുടെ മഹോത്സവം കൊണ്ടാടുന്ന ദിവസമാണ്. നമ്മുടെ രാജ്യം പ്രകൃതിപൂജയുടെ നാടാണ്. വിശ്വാസത്തിന്റെ നാടാണ്. ഈ വിശ്വാസമാണ് ഭാരതത്തെ ഒന്നാക്കുന്നത്. വിദേശ അക്രമികള്‍ ഐക്യത്തിന്റെ സുദൃഢമായ ഈ നൂല്‍ തകര്‍ക്കാനാണ് ശ്രമിച്ചത്. അതിനാണ് അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തത്. എന്നാല്‍ നമ്മുടെ വിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള വിശ്വാസം മുറുകെ പിടിച്ച് നമ്മള്‍ മുന്നോട്ടു പോകും.
ലോകത്തിലെ മറ്റ് പല രാജ്യങ്ങളും പാരമ്പര്യം മറന്ന് ഭൗതിക പുരോഗതിക്ക് പിന്നാലെ പാഞ്ഞു. അവര്‍ ഇപ്പോള്‍ നിലനില്പിനായി പ്രയാസപ്പെടുകയാണ്. നമ്മള്‍ സമൃദ്ധിയെ സംസ്‌കാരത്തിന്റെ ആധാരത്തില്‍ ആവിഷ്‌കരിച്ചു. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടവും സഹനവും കാത്തിരിപ്പും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
അഖില ഭാരത ഭോജ്പുരി സമാജ് ദേശീയ അധ്യക്ഷന്‍ പ്രഭുനാഥ് റായ് മുഖ്യമന്ത്രിയെ അംഗവസ്ത്രം നല്‍കി ആദരിച്ചു.
ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മേയര്‍ സുഷമ ഖരക്വാള്‍, ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, എംഎല്‍എ യോഗേഷ് ശുക്ല, ബിജെപി നേതാവ് അര്‍പ്പണ യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post