ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇസ്രയേലിന്‍റെ ഈ സുപ്രധാന നീക്കം. ഇന്ത്യന്‍ സർക്കാർ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തിൽ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ലഷ്‌കര്‍ ഇ തൊയ്ബയെ നിയമവിരുദ്ധ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തതായി ഇസ്രയേല്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
100 കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരവാദ സംഘടനയാണ്. 2008 നവംബര്‍ 26-ൽ അവർ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഇപ്പോഴും സമാധാനകാംഷികളായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും മനസ്സിൽ പ്രതിധ്വനിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന മുംബൈ ആക്രമണത്തില്‍ 166 പേര്‍ മരണപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷന്‍, പ്രശസ്തമായ ലിയോപോള്‍ഡ് കഫേ, രണ്ട് ആശുപത്രികള്‍, ഒരു തിയേറ്റര്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ മെഷീൻ തോക്കുകളും ഹാന്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ച് ഭീകരര്‍ സാധാരണക്കാരെ ആക്രമിക്കുകയായിരുന്നു. നരിമാന്‍ ഹൗസിലും ഒബ്റോയ് ട്രിഡന്റിലും താജ്മഹല്‍ പാലസ് ഹോട്ടലിലുമായി ആയിരങ്ങളെ ബന്ദികളാക്കി. കൊല്ലപ്പെട്ട 166 പേരില്‍ ആറ് ജൂതരും ഉള്‍പ്പെട്ടിരുന്നു. ചബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാന്‍ ഹൗസില്‍ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്.
Discussion about this post