കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നോവല്‍ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നെല്ല് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1975ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2021ല്‍ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള സാഹത്യ അക്കാഡമി ഫെല്ലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. കൂടാതെ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്‌നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പറുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്‌വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍.
കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി 1938 ഏപ്രില്‍ നാലിനാണ് പി വത്സലയുടെ ജനനം. 32 വര്‍ഷത്തെ അധ്യാപനജീവിതം. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച അധ്യാപക ജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു. 1993 മാര്‍ച്ചില്‍ അവിടെ നിന്നാണ് വിരമിക്കുന്നത്.
അധ്യാപകനായിരുന്ന കക്കോട് മാറോളി എം അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍ മാറോളി (ന്യൂയോര്‍ക്ക്), ഡോ. മിനി. മരുമക്കള്‍: ഡോ. നീനാ കുമാര്‍, അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാര്‍.
സംസ്‌കാരം മകൻ ഡോ. അരുൺ മാറോളി ന്യൂയോർക്കിൽ നിന്ന് എത്തിയശേഷം.
Discussion about this post