മാള്‍വ(മധ്യപ്രദേശ്): ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമാജത്തിന് വേണ്ടി സമര്‍പ്പിച്ചവയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാള്‍വയില്‍ ആര്‍എസ്എസ് സേവാ കാര്യാലയമായ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സമര്‍പ്പണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമെന്നും സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് പ്രവര്‍ത്തനമെന്നും സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.
ഹെഡ്ഗേവാര്‍ സ്മാരക സമിതിയാണ് കെട്ടിടം നിര്‍മ്മിച്ചതെങ്കിലും അതിന്റെ അവകാശികള്‍ സമൂഹമാണ്. സമാജസേവനത്തിനായുള്ള പരിശീലനങ്ങളാണ് ഈ മന്ദിരത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്റെ പേരിലാണ് പുതിയ മന്ദിരം അറിയപ്പെടുക, ഭാരതത്തിന്റെ തനിമയെ സമാജത്തിന്റെയാകെ കരുത്താക്കി മാറ്റണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന മഹാനായിരുന്നു അദ്ദേഹം. സുദര്‍ശന്‍ജി മുന്നോട്ടുവച്ച ആശയങ്ങളുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ മന്ദിരത്തില്‍ സജ്ജീകരണങ്ങളുണ്ടാകും, സര്‍കാര്യവാഹ് പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് അശോക് സോഹ്നി, പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഈശ്വര്‍ ദാസ്, സെക്രട്ടറി രാകേഷ് യാദവ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജി സോണി, മധ്യക്ഷേത്ര പ്രചാരക് ദീപക് വിസ്പുതേ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post