ജമുനിയാബാഗിലെ പകുതി പൊളിഞ്ഞ വീടിന് ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സന്തോഷ് ദുബെ എടുത്ത തപസിന്റെയും സഹനത്തിന്റെയും കഥ.. രാമന് വേണ്ടി കര്‍സേവയ്‌ക്കു പോയതിന് മുലായത്തിന്റെ പോലീസ് ഏല്പിച്ച മാരകമായ മുറിവും പേറി ദുബെ കാത്തിരുന്നത് ഈ മുഹൂര്‍ത്തത്തിനായാണ്.
1990ലെ കര്‍സേവയില്‍ അയോധ്യയില്‍ താനറിയാതെ ഒരു കിളിപോലും പറക്കില്ലെന്ന് അഹങ്കരിച്ച മുലായത്തിന്റെ കാവലത്രയും തകര്‍ത്ത് തര്‍ക്കമന്ദിരത്തിന് മുകളിലേക്ക് പാഞ്ഞുകയറിയവരില്‍ ഒരാള്‍ ഈ സന്തോഷ് ദുബെയാണ്. കാലിലും കൈയിലുമായി നാല് വെടിയുണ്ടകളാണ് ഏറ്റത്. കലിതീരാത്ത മുലായം സര്‍ക്കാര്‍ പിന്നെയും വേട്ടയാടി. ജമുനിയബാഗിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട് അവര്‍ പകുതി ഇടിച്ചു. കതക് തകര്‍ത്തു. സന്തോഷ് അന്നെടുത്ത പ്രതിജ്ഞയാണ് രാമക്ഷേത്രം നിര്‍മിച്ചിട്ടേ ഒരു വീട് പണിയുകയുള്ളൂ എന്നത്. അവര്‍ തകര്‍ത്തിട്ട ഇഷ്ടികകള്‍ ദുബെ സൂക്ഷിച്ചു. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമേ ആ ഇഷ്ടികകള്‍ സ്വന്തം വീടിനോട് ചേര്‍ക്കുകയുള്ളൂ എന്ന് ശപഥം ചെയ്തു….
1984 ജനുവരി 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സരയൂ തീരത്ത് രാമഭക്തര്‍ ഒത്തുചേര്‍ന്ന് പുണ്യനദിയിലെ ജലം കൈയിലെടുത്താണ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സന്തോഷ് ദുബെ അന്ന് അണിചേര്‍ന്നതാണ് ഈ മുന്നേറ്റത്തില്‍. രാമക്ഷേത്രവിമോചനത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ദുബൈ പിന്നിലും പലപ്പോഴും മുന്നിലുമായി അണിനിരന്നു.
1990 ലെ കര്‍സേവയില്‍ പങ്കെടുക്കുന്നതിനിടെ പോലീസ് വെടിവയ്പില്‍ മാരകമായി പരിക്കേറ്റിട്ടും സന്തോഷ് പിന്മാറിയില്ല. 1992 ഡിസംബര്‍ 6ന് വീണ്ടും കര്‍സേവയ്‌ക്കെത്തി. പായല്‍ മൂടിയ താഴികക്കുടത്തിന് മുകളില്‍ കയറിയെങ്കിലും നിലംപതിച്ചു. ശരീരത്തില്‍ 17 ഒടിവുകള്‍ സംഭവിച്ചു.
മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയും വീണ്ടും രാമസേവയില്‍ മുഴുകുകയും ചെയ്തു. 2010ല്‍ ബികാപൂരില്‍ നിന്ന് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് ബിസിനസിലേക്കിറങ്ങി. പണം സമ്പാദിച്ചു. ജീവിതം മെച്ചപ്പെട്ടു. ഒരു വീട് സ്വന്തമാക്കാമായിരുന്നെങ്കിലും സന്തോഷ് ദുബൈ അന്ന് ചെയ്ത പ്രതിജ്ഞയില്‍ ഉറച്ചുനിന്നു.
1984 ജനുവരി 30ന് സരയുവിലെ പുണ്യതീര്‍ത്ഥത്തില്‍ തൊട്ട് എടുത്ത ആ പ്രതിജ്ഞയാണ് ജനുവരി 22 ന് സഫലമാകുന്നത്. ശ്രീരാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ ഇനി ഭഗവാന് മുന്നിലേക്കില്ലെന്ന് 1992ല്‍ തീരുമാനിച്ചതാണ്. എല്ലാ പ്രതിജ്ഞകളും പൂര്‍ത്തിയാകുന്നു. 2024 ജനുവരി 30ന് ജമുനിയാബാഗില്‍ നിന്ന് നഗ്നപാദനായി സന്തോഷ് ദുബെ അയോധ്യയിലേക്ക് എത്തും. ജീവിച്ചിരിക്കുന്ന കര്‍സേവകര്‍ക്കൊപ്പം രാമരാജധാനിയെ പ്രദക്ഷിണം ചെയ്ത് ബാലകരാമനെ ദര്‍ശിക്കും.
‘നാല്പത് വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. ഭഗവാന്‍ ശ്രീരാമനെ അദ്ദേഹത്തിന്റെ സ്വന്തം കൊട്ടാരത്തില്‍ കാണുക എന്നതായിരുന്നു ജീവിതലക്ഷ്യം. അത് യാഥാര്‍ത്ഥ്യമാകുന്നു. ഭഗവാനെ ദര്‍ശിച്ച് മടങ്ങിയതിന് ശേഷം എന്റെ വീടിന് ഞാന്‍ ഇഷ്ടിക പടുക്കും. അതില്‍ ആദ്യ ഇഷ്ടികയില്‍ എന്റെ ഹൃദയരാമനെ പ്രതിഷ്ഠിക്കും, സന്തോഷ് ദുബെ വീണ്ടും പ്രതിജ്ഞയെടുക്കുന്നു.
Discussion about this post