തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഹര്‍ത്താലിനെ ഭയന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടുന്നില്ലെന്നാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണം. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇടുക്കിയിലേക്ക് പോകാന്‍ ഭയമില്ല, തനിക്ക് ഒന്നിനേയും ഭയമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. തൊടുപുഴയിലെത്തിയ ഗവര്‍ണര്‍ക്കു നേരെ ഇടത് അനുകൂലികള്‍ കരിങ്കൊടി കാണിച്ചു. ഇടുക്കിയില്‍ ഗവര്‍ണര്‍ സഞ്ചരിക്കേണ്ട റോഡുകളില്‍ എല്‍ഡിഎഫുകാര്‍ തമ്പടിക്കുകയും ഗവര്‍ണര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കരിങ്കൊടി കാണിക്കുകയുമായിരുന്നു.
ഇവരെ നിരത്തുകളില്‍ നിന്നും മാറ്റുന്നതിനായി പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട് ‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടെ സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷിലെഴുതിയ ബാനറാണ് എസ്എഫ്‌ഐ സ്ഥാപിച്ചത്.
ഗവര്‍ണറെ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍നിന്ന് പിന്‍വാങ്ങണമെന്ന് എല്‍ഡിഎഫ് വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വ്യാപാരികള്‍ വഴങ്ങിയില്ല.
Discussion about this post