കോട്ടയം: കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമൊരുക്കാന്‍ സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ സമര്‍പ്പണം 15ന്. മൂന്നരക്കോടി മുടക്കി കോട്ടയം മെഡിക്കല്‍ കോളജിനു സമീപമാണ് സേവാനിലയം പണിതത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇവിടെ സൗജന്യമായി താമസവും ഭക്ഷണവും സേവാഭാരതി ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ ചുവടുവയ്പ്.
മെഡിക്കല്‍ കോളജിനു സമീപം ഗാന്ധിനഗര്‍ കെഎസ്ഇബി സബ്‌സ്റ്റേഷന് എതിര്‍വശത്താണ് 12,000 ചതുരശ്ര അടിയിലുള്ള മൂന്നുനില കെട്ടിടം. 36 മുറിയുണ്ട്. രണ്ടു കിടക്കകളുള്ള 30 മുറി പൂര്‍ത്തിയായി. 300 പേര്‍ക്ക് ദിവസവും ഭക്ഷണം തയാറാക്കാന്‍ സൗകര്യവുമുണ്ട്.
മധ്യതിരുവിതാംകൂറിലെ നാലു ജില്ലകളിലുള്ള രോഗികളുടെ പ്രധാന ആശ്രയമായ കോട്ടയം മെഡിക്കല്‍ കോളജില്‍ സേവാഭാരതി നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രഭാത ഭക്ഷണ വിതരണം, രക്തദാനം, ആംബുലന്‍സ് സൗകര്യങ്ങള്‍, പാലിയേറ്റീവ് കെയര്‍, ശവസംസ്‌കാര സേവനങ്ങള്‍, ശബരിമല മണ്ഡല കാലത്ത് ഹെല്‍പ് ഡസ്‌ക് തുടങ്ങി അനേകം കാര്യങ്ങള്‍ ചെയ്യുന്നു.
Discussion about this post