തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനം രാമഭക്തരോട് ഇതുവരെ ചെയ്തുകൂട്ടിയ സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പിരക്കാനുള്ള ഉത്തമാവസരം നഷ്ടപ്പെടുത്തലെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. പുത്തരിക്കണ്ടം മൈതാനത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ അഞ്ചാംദിനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ 1947 മുതല്‍ 2022 വരെ കോണ്‍ഗ്രസ് തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചെയ്തികള്‍ കാരണം സ്വതന്ത്രഭാരതത്തില്‍ നൂറുകണക്കിന് രാമഭക്തര്‍ക്ക് ജീവന്‍ ബലിനല്‍കേണ്ടിവന്നു. രാമഭക്തരോട് കൊടിയ ദുഷ്ടതകള്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസുകാര്‍ ശ്രീരാമചന്ദ്രനോട് കണ്ണീര്‍വാര്‍ത്ത് മാപ്പിരക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തുകയാണ്.
സ്വത്വത്തെ സ്ഥാപിക്കലാണ് സ്വാതന്ത്ര്യം. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെ ഭാരതം വിശ്വഗുരു സ്ഥാനത്തേക്കുള്ള പ്രയാണത്തിന്റെ സുവര്‍ണവാതിലുകളിലൊന്നാണ് തുറക്കുന്നത്. പ്രാണപ്രതിഷ്ഠാദിനം സ്വാഭിമാന പ്രഖ്യാപനത്തിന്റെ ദിനമാണ്. സോമനാഥക്ഷേത്ര പുനരുദ്ധാരണ സമയത്തും കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന നെഹ്‌റു അതിനെ തടയാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മറുവശത്ത് ക്ഷേത്രനിര്‍മാണത്തിനായി ശക്തമായി നിലകൊണ്ടത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലെന്ന ഉരുക്കുമനുഷ്യനും രാജേന്ദ്രപ്രസാദും കെ.എം .മുന്‍ഷിയുമായിരുന്നു. അതിനാല്‍ നെഹ്‌റുവിന്റെ ഹിന്ദുദ്രോഹപ്രവര്‍ത്തികള്‍ അവിടെ വിജയിക്കാതെ പോയി. എന്നാല്‍ സോമനാഥത്തില്‍ ചെയ്യാനാകാത്തത് അദ്ദേഹം അയോദ്ധ്യയില്‍ ചെയ്തു. സോമനാഥക്ഷേത്രനിര്‍മാണത്തോടൊപ്പം നടക്കേണ്ടിയിരുന്നതാണ് അയോദ്ധ്യയും കാശിയും മധുരയും.
രാഷ്‌ട്രചരിത്രത്തില്‍ കൂട്ടായ വേദനകള്‍ അനുഭവിച്ച ഒരു ജനതയുടെ സംഘടിത ആഘോഷമാവുകയാണ് അയോദ്ധ്യയിലെ പ്രതിഷ്ഠാദിനം. ഭാരത സാംസ്‌കാരിക ചരിത്രത്തിലെ പുണ്യദിനമാണിത്. കോളനിവത്കൃത മനസിന്റെ അവസാന കണികയും തുടച്ചെറിയണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. അതിലൊന്നായിരുന്നു 1992 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ സംഭവിച്ചത്. ലോകചരിത്രത്തില്‍ തന്നെ ഇതുപോലൊരു പോരാട്ടം അപൂര്‍വമാണ്. ഒരു ജനത അഞ്ഞൂറുവര്‍ഷത്തിലേറെക്കാലം സ്വത്വത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയപൂര്‍ണതയില്‍ ജീവിക്കാന്‍ ഭാഗ്യമുണ്ടായവരാണ് നാം. അതിനായി ജീവാഹുതി ചെയ്ത പുണ്യാത്മാക്കളോട് നാം നന്ദിപറയേണ്ട സമയമാണിതെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടിനായര്‍ അധ്യക്ഷത വഹിച്ചു. ധര്‍മസംരക്ഷണം പരമപ്രധാനമായി ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് തമ്പാനൂര്‍, ഡോ. ശ്രീകലാദേവി എന്നിവര്‍ സംസാരിച്ചു.
Discussion about this post