കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച അക്ഷതവുമായി ഞായറാഴ്ച നാടെങ്ങും ആര്‍എസ്എസ് നേതൃത്വത്തില്‍ മഹാസമ്പര്‍ക്കദിനം. ഒന്നര ലക്ഷം പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമാവും. ഞായറാഴ്ച ഒറ്റ ദിവസം കൊണ്ട് ഇരുപത്തഞ്ച് ലക്ഷത്തോളം വീടുകള്‍ സമ്പര്‍ക്കം ചെയ്ത് അയോദ്ധ്യയില്‍ നിന്ന് പൂജിച്ചെത്തിച്ച പവിത്രമായ അക്ഷതം വിതരണം ചെയ്യും. ജനുവരി ഒന്ന് മുതല്‍ 15 വരെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് ഞായറാഴ്ച രാമസന്ദേശവുമായി എല്ലാ വീടുകളിലേക്കും പ്രവര്‍ത്തകര്‍ എത്തുക എന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അറിയിച്ചു.
ഇതുവരെയുള്ള സമ്പര്‍ക്കത്തില്‍ 36000 ബാച്ചുകളിലായി ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടുണ്ട്. ഞായറാഴ്ച മഹാസമ്പര്‍ക്ക ദിനത്തില്‍ സ്ത്രീകളടങ്ങുന്ന പതിനായിരം സമ്പര്‍ക്കസംഘങ്ങള്‍ കൂടി പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. കുട്ടികളും സമ്പര്‍ക്കത്തില്‍ അണിചേരും. ഭക്തിസാന്ദ്രമായാണ് എല്ലായിടത്തും സമ്പര്‍ക്കത്തെ സ്വീകരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തുമെന്ന് ഉറപ്പാക്കും. അക്ഷതവും ലഘുലേഖയും ശ്രീരാമക്ഷേത്രചിത്രവും വീടുകളില്‍ നല്കും. പ്രാണപ്രതിഷ്ഠാദിനമായ 22ന് എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കുന്ന ഒത്തുചേരലിലേക്ക് എല്ലാവരെയും ക്ഷണിക്കും. വീടുകളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം ദീപം തെളിക്കാന്‍ അഭ്യര്‍ത്ഥിക്കും, പി.എന്‍. ഈശ്വരന്‍ അറിയിച്ചു.
Discussion about this post