ബെംഗളൂരു: കല സത്യവും ശിവവും സുന്ദരവുമാകാന്‍ അത് സമൂഹത്തെ ശരിയായ വഴിക്കു നയിക്കുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. കല സമൂഹത്തിന്റെ വിഘടന പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നവരുടെ കാലത്ത് സാമൂഹ്യ സമരസതയ്‌ക്കും പൊതു ഉന്നമനത്തിനും കലയെ വിനിയോഗിക്കുകയാണ് ശരിയായ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര്‍ ഭാരതിയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച അഖില ഭാരതീയ കലാസാധക സംഗമത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കാര്‍ ഭാരതി കലാരംഗത്തേയും കലാകാരന്മാരുടേയും ഏറ്റവും വലിയ സംഘടനയായി. അടുത്ത ഘട്ടത്തിലേക്ക് പ്രവര്‍ത്തനം കടക്കണം. ഭാരതത്തിലെ മുഴുവന്‍ കലാ സാംസ്‌കാരിക ലോകത്തെയും നയിക്കാന്‍ പ്രാപ്തമാകണം. അതിന് പ്രവര്‍ത്തകര്‍ സജ്ജരാകണം.
കല ഏറെ കാല്പ്പനികമാകുകയും വ്യക്തികളുടെ താത്പര്യങ്ങളിലേക്ക് ചുരുങ്ങുകയും വ്യവസ്ഥകളും ചട്ടങ്ങളും സംവിധാനങ്ങളും തകര്‍ക്കുന്നതാണ് ധര്‍മ്മമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന വിചിത്ര സ്ഥിതിയിലെത്തിയിരിക്കുന്നു. വോക്കിസമെന്നും കള്‍ചറല്‍ മാര്‍ക്‌സിസമെന്നുമൊക്കെ പേര് വിളിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വിഘടനത്തിന്റേതാണ്. ഇവിടെ കലാപ്രവര്‍ത്തനം സമാജോന്മുഖമാക്കേണ്ടതുണ്ട്. അഭദ്രത വര്‍ധിക്കാന്‍ അനുവദിക്കരുത്. വിചാരധാരകള്‍ വേണ്ടെന്നാണ് പ്രചാരണം. അതിനായി പുസ്തകങ്ങള്‍ എഴുതുന്നു. തത്ത്വമില്ലാത്ത ചിലത് അവതരിപ്പിക്കുന്നു. കല മംഗളവും സമരസതയും സമൂഹത്തിനുണ്ടാക്കുന്നതാകണം. കല ദേശത്തിനായി സമര്‍പ്പിക്കണം.
പീഡിതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട എന്നല്ല, അതും വേണം. പക്ഷേ, കല സത്യമാകണം, ശിവമാകണം, സുന്ദരമാകണം. രസിപ്പിക്കലിനപ്പുറം കലയ്‌ക്കും കലാകാരനും ധര്‍മ്മമുണ്ട്. അതിന് അവസരവും സൗകര്യവുമൊരുക്കണം. പ്രവര്‍ത്തകരാണ് അത് ചെയ്യേണ്ടത്. ഭഗവാന്‍ ശ്രീരാമചന്ദ്രന് ഭവ്യ മന്ദിരം പണിതത് പ്രവര്‍ത്തകരാണ്, അതിന് ബലിദാനം പോലും വേണ്ടിവന്നു. പ്രവര്‍ത്തകര്‍ തനിക്ക് എന്ത് കിട്ടുന്നുവെന്ന് തേടി സമാധാനം കണ്ടെത്തരുത്. ഭക്ത ഹനുമാന്‍ തനിക്ക് ലഭിച്ച സമ്മാനമാലയുടെ ഓരോ മുത്തിലും ശ്രീരാമനുണ്ടോ എന്നന്വേഷിച്ചതു പോലെ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കണം, സര്‍സംഘചാലക് പറഞ്ഞു. ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി അധ്യക്ഷന്‍ വാസുദേവ കാമത്ത് അധ്യക്ഷത വഹിച്ചു. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രഭാഷണം നടത്തി.
ആത്മീയ ഗുരുവും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍, സംസ്‌കാര്‍ ഭാരതി അഖിലേന്ത്യാ പ്രസിഡന്റ് വാസുദേവ് കാമത്ത്, വൈസ് പ്രസിഡന്റ് മൈസൂരു മഞ്ജുനാഥ്, ജനറല്‍ സെക്രട്ടറി അശ്വിന്‍ ദാല്‍വി, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹ ശില്‍പി അരുണ്‍ യോഗി രാജ്, ശില്‍പി ജി.എല്‍. ഭട്ട് എന്നിവരും പങ്കെടുത്തു.
Discussion about this post