ന്യൂദല്‍ഹി: ശാശ്വത സുഖം നല്കുന്ന സത്യം തേടിയുള്ള യാത്രയില്‍ വിജയിച്ചവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മറ്റെല്ലാ രാഷ്ട്രങ്ങളും സുഖം തേടിയുള്ള യാത്ര ബാഹ്യലോകത്ത് അവസാനിപ്പിച്ചപ്പോള്‍ ഭാരതം അത് ഓരോരുത്തരുടെയും ഉള്ളിലേക്ക് വ്യാപിപ്പിച്ചു. അവനവനെ തിരിച്ചറിയലാണ് ആത്മസുഖമെന്ന് ഭാരതം ലോകത്തെ പഠിപ്പിച്ചു. ഈ ശാശ്വത ദര്‍ശനം പകരുന്ന വിജ്ഞാനനിധി ലോകത്തിന് പകര്‍ന്ന മഹാത്മാവാണ് ഭഗവാന്‍ മഹാവീരനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന്‍ മഹാവീരന്റെ 2550-ാം നിര്‍വാണ വര്‍ഷം പ്രമാണിച്ച് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച കല്യാണക മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
ഭഗവാന്റെ ചിന്തകള്‍ ഇന്നും പ്രസക്തമാണ്. ഒരാളും ഒരു വ്യക്തിയായി ഒറ്റയ്ക്ക് ജീവിക്കേണ്ടതില്ല, വ്യക്തിവാദം മാറ്റിവച്ച് സമാജത്തോട് ഇണങ്ങി ജീവിക്കണമെന്ന് ഭഗവാന്‍ ഉദ്‌ബോധിപ്പിച്ചു. അഹിസ മാത്രമല്ല, സംയമനവും ശീലമാക്കണം. ക്ഷമയും വിട്ടുവീഴ്തയും സാമാജികജീവിതത്തിന് അനിവാര്യമാണ്. ബന്ധങ്ങളെ സുദൃഢവും ശാശ്വതവുമാക്കുന്ന ജീവിത ദര്‍ശനങ്ങളാണ് ഭഗവാന്‍ മുന്നോട്ടുവച്ചതെന്ന് സര്‍സംഘചാലക് പറഞ്ഞു.
അശാന്തിയുടെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തില്‍ രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു മഹാവീരന്‍ ആവശ്യമാണെന്നും പുതിയ കാലത്ത് ആ ദൗത്യം നിര്‍വഹിക്കുന്നത് രാഷ്ട്രീയ സ്വയംസേവകസംഘമാണെന്നും ജൈനമുനി സുനില്‍സാഗര്‍ മുനിരാജ് പറഞ്ഞു.
പരിപാടിയില്‍ ജൈനപരമ്പരയിലെ ശ്രീ പ്രജ്ഞാസാഗര്‍ മുനിരാജ്, ഡോ. രാജേന്ദ്ര മുനി, ആചാര്യ മഹാശ്രമണ്‍, സാധ്വി അണിമ ശ്രീ , മഹാസാധ്വി പ്രീതി രത്‌ന ശ്രീ എന്നിവര്‍ പങ്കെടുത്തു.
Discussion about this post