തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ജനോപകാരപ്രദമായി നിലനിര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന പരിവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കി.
സാധാരണക്കാരുടെ ഗതാഗത ആശ്രയമായ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി കാലപ്പഴക്കം കൊണ്ട് നിരത്തൊഴിയുന്ന വാഹനങ്ങള്‍ക്കു പകരം ബസുകള്‍ വാങ്ങാത്തതിനാലും പുതിയ ജീവനക്കാരെ നിയമിക്കാത്തതു കൊണ്ടും ദേശസാല്‍കൃത റൂട്ടുകളില്‍ പോലും പൂര്‍ണമായും സര്‍വീസ് നടത്താന്‍ സാധിക്കാത്ത സാഹചര്യമാണെന്നും ജീവനക്കാര്‍ മന്ത്രിയോട് പറഞ്ഞു.
പിഎംഇ ബസ് സേവാ സ്‌കീം വഴി അനുവദിച്ചിട്ടുള്ള 950 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് കൈമാറാനുള്ള അടിയന്തര നടപടി കൈകൊള്ളണം. അതോടൊപ്പം പൊതുഗതാഗത മേഖലയ്‌ക്ക് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന, മൂലധന നിക്ഷേപയമായി ലഭിക്കേണ്ട കേന്ദ്ര തുക ലഭ്യമാക്കണം. പങ്കാളിത്ത പെന്‍ഷന്‍ പുനസ്ഥാപിക്കണം. കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും പങ്കാളിത്ത പെന്‍ഷനില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും ഈടാക്കുന്ന പ്രതിമാസ വിഹിതം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാതെ 2023 ഡിസംബര്‍ വരെ 321 കോടി രൂപ കുടശ്ശികയാണ്. ഇതുകാരണം, വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ലന്ന് ജീവനക്കാർ പരാതിപ്പെട്ടു.
വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി തമ്പാനൂർ ബസ് സ്റ്റാൻഡ് സന്ദർശിച്ചപ്പോഴായിരുന്നു ജീവനക്കാർ നിവേദനം കൈമാറിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രശ്നം മുമ്പേ തന്റെ ശുദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയിട്ടും അയൽ സംസ്ഥാനത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭത്തിലാണ് പോകുന്നത്. എം.പിയായാൽ ജീവനക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post