കോഴിക്കോട്: മൂന്നുനാള്‍ നീണ്ട ബാലഗോകുലം സംസ്ഥാനകലോത്സവം സുവര്‍ണം-2024ന് തിരശ്ശീല താണപ്പോള്‍ ആതിഥേയരായ കോഴിക്കോട് 543 പോയിന്റോടെ കിരീടം ചൂടി. കോട്ടയം ജില്ല 514 പോയിന്റ് നേടി രണ്ടാമത് എത്തി. 510 പോയിന്റ് നേടിയ എറണാകുളത്തിനാണ് മൂന്നാംസ്ഥാനം.
ഒന്നാംസ്ഥാനം നേടിയ കോഴിക്കോടിനുള്ള ട്രോഫി കവി പി.പി. ശ്രീധനുണ്ണിയും രണ്ടാംസ്ഥാനം നേടിയ കോട്ടയത്തിന് കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവും മൂന്നാംസ്ഥാനം നേടിയ എറണാകുളത്തിന് ബാലഗോകുലം മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി. രാജനും ട്രോഫി സമ്മാനിച്ചു. മൂല്യബോധം കലയിലൂടെ എന്ന സന്ദേശം പകര്‍ന്ന് ഏഴുവേദികളിലായി 92 ഇനങ്ങളിലായിരുന്നു മത്സരം. 14 ജില്ലകളില്‍ നിന്നും ഒന്നാംസ്ഥാനം നേടിയ മൂവായിരത്തോളം ഗോകുലാംഗങ്ങള്‍ സംസ്ഥാന മത്സരത്തില്‍ മാറ്റുരച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും മൊമന്റോ സമ്മാനിച്ചാണ് ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്ന സൗഹൃദമത്സരത്തെ അര്‍ത്ഥപൂര്‍ണമാക്കിയത്.
ഓണ്‍ലൈന്‍ കലോത്സവം ഉള്‍പ്പെടെ നാലാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടന്നത്. 1985 ല്‍ പെരുമ്പാവൂരിലാണ് പൂര്‍ണതോതില്‍ ആദ്യസംസ്ഥാന കലോത്സവം നടന്നത്. രണ്ടാമത് 2005ല്‍ കോട്ടയത്തും മൂന്നാമത് 2024ല്‍ കോഴിക്കോടും നടന്നു. 2019 ല്‍ കോവിഡ് കാലത്ത് നടന്ന ഓണ്‍ലൈന്‍ കലോത്സവം ഉള്‍പ്പെടെയാണ് ഇത് നാലാമത് കലോത്സവമാകുന്നത്. ഗോപികാനൃത്തവും അവതരണകലയും(കോംപയറിങ്)ഇത്തവണ പുതുതായി ഉള്‍പ്പെടുത്തി. ബാലഗോകുലത്തിന്റെ സുവര്‍ണജയന്തിയോടനുബന്ധിച്ചാണ് സുവര്‍ണം 2024 എന്ന് കലോത്സവത്തിന് നാമകരണം നല്‍കിയത്. ്’അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശം ഉയര്‍ത്തി പി.കെ. ഗോപി രചിച്ച് ബാലഗോകുലം തിരൂര്‍ ജില്ല ഒരുക്കിയ സംഗീത ശില്‍പ്പത്തോടെയാണ് കലോത്സവം അരങ്ങേറിയത്.
Discussion about this post