ന്യൂദല്‍ഹി: രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. രാമന്‍ രാഷ്ട്രത്തിന്റെ പൊതുവികാരമാണ്. എല്ലാവരുടേതുമാണ് രാമന്‍. ഈ ഭാവമാണ് മുഴുവന്‍ ജനവിഭാഗങ്ങളിലും നിറയേണ്ടത്, അദ്ദേഹം പറഞ്ഞു.സുരുചി പ്രകാശന്‍ പുറത്തിറക്കിയ, അരുണ്‍ ആനന്ദ്, ഡോ. അമിത്കുമാര്‍ വാര്‍ഷ്ണി എന്നിവര്‍ എഴുതിയ രാമജന്മഭൂമി, രാമജന്മഭൂമി കോമിക് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം,വനവാസം പൂര്‍ത്തിയാക്കി ശ്രീരാമന്‍ മടങ്ങിയെത്തിയപ്പോള്‍ അയോദ്ധ്യയിലെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന് പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ ഉയര്‍ന്ന ആഹ്ലാദാരവങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാനാകും. ലോകചരിത്രത്തില്‍ത്തന്നെ ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി നടന്ന പ്രക്ഷോഭം പോലെയൊന്ന് ഉണ്ടായിട്ടില്ല. പല നാഗരികതകളും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. എന്നാല്‍ ഭാരതം ഇപ്പോഴും സചേതനമായി നിലനില്‍ക്കുന്നു.ശ്രീരാമക്ഷേത്രപ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുസമൂഹത്തിലെത്തണം. ശ്രീരാമക്ഷേത്രം എന്താണെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും ലോകത്തോട് പറയേണ്ട ചുമതല ഭാരതത്തിനുണ്ട്, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
തനിമയ്ക്കുനേരെ വെല്ലുവിളി ഉയരുമ്പോള്‍ അതിനെ ചെറുക്കുകയും സ്വത്വസംരക്ഷണത്തിനായി പോരാടുകയും ചെയ്യാത്ത സമൂഹം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിന്റെ കഥയാണ് രാമജന്മഭൂമി പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post