വര്‍ത്തമാന പത്രങ്ങളുടെയും സ്വന്തം നാടാണ് കേരളം. ഒന്നര നൂറ്റാണ്ടിലേറെക്കാലം നീളുന്ന ഒരു ചരിത്രവും അതിന് പറയാനുണ്ട്. വ്യക്തിപരവും മതപരവും സാമുദായികവും രാഷ്‌ട്രീയവുമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രസിദ്ധീകരണം ആരംഭിക്കുകയും, കാലത്തിന്റെ നിയോഗം പൂര്‍ത്തിയാക്കി പിന്‍വാങ്ങുകയും ചെയ്ത വലുതും ചെറുതുമായ വര്‍ത്തമാന പത്രങ്ങളുടെ ഒരു നീണ്ടനിര തന്നെ കൊച്ചുകേരളത്തിന്റെ നാള്‍വഴിയില്‍ കാണാനാവും. ചെറിയ തുടക്കങ്ങളില്‍നിന്ന് വലിയ വിജയങ്ങളിലേക്കു വളരുകയും, ആര്‍ഭാടത്തോടെയുള്ള വരവ് അല്‍പ്പായുസ്സായിത്തീരുകയും ചെയ്ത ദിനപത്രങ്ങളും ഇവയിലുണ്ട്. ഇതില്‍നിന്ന് വ്യത്യസ്തമാണ് ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ജന്മഭൂമിയുടെ അഭിമാനകരമായ ചരിത്രം.
മാതൃകാ പ്രചരണാലയം എന്ന കമ്പനിയുടെയും രാഷ്‌ട്രവാര്‍ത്ത എന്ന പത്രത്തിന്റെയും മുന്‍കാല പ്രാബല്യം അവകാശപ്പെടാനാവുന്ന ജന്മഭൂമി ഒരു സായാഹ്‌ന ദിനപത്രമായി 1975 ഏപ്രില്‍ 28ന് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് മാധ്യമകേരളത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍, മലയാള മനോരമയുടെ റസിഡന്റ് എഡിറ്ററും വലിയ എഴുത്തുകാരനുമായിരുന്ന മൂര്‍ക്കോത്ത് കുഞ്ഞപ്പ, മാധ്യമപ്രവര്‍ത്തനത്തിന്റെ മനഃസാക്ഷിയായിരുന്ന പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന വി.എം. കൊറാത്ത്, പില്‍ക്കാലത്ത് മലയാളമണ്ണിലേക്ക് ഭാരതീയ വിചാരത്തിന്റെ ഗംഗാപ്രവാഹം കൊണ്ടുവന്ന പി. പരമേശ്വരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ജന്മഭൂമിയുടെ ചെറുതെങ്കിലും ചടുലമായ തുടക്കം.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം 1942 ല്‍ കേരളത്തില്‍ ആരംഭിച്ചതിനുശേഷമുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സവിശേഷമായ ഒരു ചരിത്ര പശ്ചാത്തലമാണ് ജന്മഭൂമി എന്ന ദിനപത്രത്തിന്റെ പിറവി അനിവാര്യമാക്കിയത്. ദേശീയ ചിന്താഗതികള്‍ക്കെതിരെ കോണ്‍ഗ്രസ് പക്ഷത്തുനിന്നും കമ്യൂണിസ്റ്റ് പക്ഷത്തുനിന്നും രാഷ്‌ട്രവിഭജനത്തിന്റെ വക്താക്കളായ ഇസ്ലാമിക പക്ഷത്തുനിന്നും ഒരേപോലെ ഉയര്‍ന്നുവന്ന എതിര്‍പ്പുകളെയും, ഗാന്ധിവധത്തിന്റെ പേരില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തെയും മറികടക്കേണ്ടതുണ്ടായിരുന്നു. ഭാരതീയ ജനസംഘം മുന്നോട്ടുവച്ച ബദല്‍ രാഷ്‌ട്രീയത്തെ പരിചയപ്പെടുത്തുകയും കരുപ്പിടിപ്പിക്കുകയും ചെയ്യേണ്ട ആവശ്യവുമുണ്ടായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലയുറപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു ദൗത്യം നിര്‍വഹിക്കാന്‍ ജന്മഭൂമി പിറവിയെടുക്കുകയായിരുന്നു.
ജന്മഭൂമിക്ക് ഏറ്റെടുക്കാനുണ്ടായിരുന്ന ദൗത്യം ഒരേസമയം ദേശീയവും സാംസ്‌കാരികവും ധാര്‍മികവും രാഷ്‌ട്രീയവുമായിരുന്നു. സായാഹ്‌ന ദിനപത്രത്തിന്റെ ആദ്യപതിപ്പിലെ മുഖപ്രസംഗത്തില്‍തന്നെ ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
”…..ദേശീയബോധ പ്രചോദിതവും അധികാര വടംവലികള്‍ക്കും തത്വദീക്ഷയില്ലാത്ത കക്ഷിരാഷ്‌ട്രീയ മത്‌സരങ്ങള്‍ക്കും അതീതമായി, രാജ്യസ്‌നേഹത്തേയും ജനസേവന വ്യഗ്രതയേയും മുന്‍നിര്‍ത്തിയും ജനതാമധ്യത്തില്‍ കഴിവതു പ്രവര്‍ത്തിക്കണമെന്നുള്ള ഗണ്യമായ ഒരു വിഭാഗത്തിന്റെ ആത്മാര്‍പ്പണ മനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് ജന്മഭൂമിയുടെ ഉദയം കുറിക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സവിനയം ഇവിടെ രേഖപ്പെടുത്തുന്നു.
”ജന്മഭൂമി തികച്ചും ഒരു സ്വതന്ത്ര ദേശീയ ദിനപത്രമാണ്. ദേശീയൈക്യവും ധാര്‍മിക ബോധവും ജനക്ഷേമവും രാജ്യസ്‌നേഹവും മുന്‍നിര്‍ത്തി മാത്രമായിരിക്കും ഓരോ പ്രശ്‌നങ്ങളെയും അത് നോക്കിക്കാണുകയും ചിന്തിക്കുകയും ചെയ്യുന്നത്. മനുഷ്യസഹജമായ തെറ്റുകള്‍ ഞങ്ങള്‍ക്കും സംഭവിക്കാം. കഴിവുകള്‍ പരിമിതവുമാണ്. മഹത്തായ ഒരു ഉദ്ദേശ്യത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചെറിയ തുടക്കമായി ഇതു ഞങ്ങള്‍ കരുതുന്നു. ഇതിന് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു…”
ഈ വാക്കുകളില്‍ തുടിക്കുന്ന ആത്മാര്‍ത്ഥതയും ആര്‍ജവവുമാണ് ജന്മഭൂമിയുടെ എക്കാലത്തെയും ഒരിക്കലും കുറയാത്ത മൂലധനം. ജന്മഭൂമി പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങളുടെ കരുത്തും, നിലപാടുകളുടെ സത്യസന്ധതയും അതിന്റെ എതിരാളികള്‍ക്ക് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ ജന്മഭൂമി ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടു. പത്രാധിപരായ പി.വി.കെ. നെടുങ്ങാടിയെയും പത്രനടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന പി. നാരായണനെയും മറ്റും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേരളത്തില്‍ ഈ ഏകാധിപത്യവാഴ്ചയുടെ എതിര്‍പ്പ് നേരിടേണ്ടിവന്ന ഒരേയൊരു പത്രം ജന്മഭൂമിയായിരുന്നു. സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ വക്താക്കളായിരുന്ന ജിഹ്വകള്‍ സൗകര്യപൂര്‍വം വഴങ്ങിക്കൊടുക്കുകയായിരുന്നു. ജന്മഭൂമി അതിന് തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ പുനഃപ്രസിദ്ധീകരണത്തിന് അടിയന്തരാവസ്ഥ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.
കോഴിക്കോടിനു പകരം ഇത് സംഭവിച്ചത് എറണാകുളത്താണ്. സര്‍വ്വോദയ നേതാവും, അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ലോക് സംഘര്‍ഷ സമിതിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്ന പ്രൊഫ. എം.പി. മന്മഥന്‍ മുഖ്യപത്രാധിപരായി എറണാകുളത്തുനിന്ന് പ്രഭാത ദിനപത്രമായി ജന്മഭൂമി വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചത് പുതിയൊരു തുടക്കമായിരുന്നു. പത്ത് വര്‍ഷമായപ്പോള്‍ വിപുലമായ സൗകര്യങ്ങളോടെ അയോധ്യാ പ്രിന്റേഴ്‌സില്‍ ജന്മഭൂമി അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തിന്റെ നായകന്മാരില്‍ ഒരാളായ എല്‍.കെ. അദ്വാനി ഉദ്ഘാടനം നിര്‍വഹിച്ച ഈ ചടങ്ങില്‍ അന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
മാധ്യമരംഗത്ത് പുതിയൊരു പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. അധികാര രാഷ്‌ട്രീയത്തിന്റെ പിന്‍ബലമില്ലാതെയും, സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാതെയും ഓരോ പ്രതിസന്ധിയും ജന്മഭൂമിക്ക് മുറിച്ചുകടക്കേണ്ടിയിരുന്നു. പ്രതിഭാധനരും പ്രായോഗികമതികളുമായ നിരവധി പേര്‍ ജന്മഭൂമിയെ നയിക്കാനെത്തുകയും വലുതും ചെറുതുമായ വിജയങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്തു.
കേരളവും ഭാരതവും നേരിടുന്ന പ്രശ്‌നങ്ങളെ വായനക്കാരിലെത്തിച്ച് അവയുടെ പരിഹാരത്തിനായി സമൂഹത്തിന്റെ പിന്തുണയാര്‍ജിക്കുന്നതില്‍ ജന്മഭൂമി വഹിച്ച പങ്ക് വളരെ വലുതാണ്. ഏറ്റെടുക്കേണ്ട ഒരു പ്രശ്‌നത്തോടും ജന്മഭൂമി പുറംതിരിഞ്ഞു നിന്നിട്ടില്ല. പ്രതികൂല സാഹചര്യത്തില്‍ തുടക്കം കുറിച്ച് ഒരൊറ്റ എഡിഷനില്‍നിന്ന് കേരളത്തിനകത്തും പുറത്തുമായി ഒന്‍പത് എഡിഷനുകളിലേക്ക് വളരാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അച്ചടി മാധ്യമങ്ങള്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍, മൂലധനത്തിന്റെ വന്‍ പിന്‍ബലമുള്ള മാധ്യമങ്ങള്‍ എഡിഷനുകള്‍ കുറയ്‌ക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയുമൊക്കെ ചെയ്യുന്ന ഒരു സാഹചര്യത്തില്‍ സ്ഥാപനത്തെ മുന്നോട്ടുനയിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
ജന്മഭൂമി അടിയുറച്ചു വിശ്വസിക്കുകയും അനവരതം പോരാടുകയും ചെയ്ത ആശയാദര്‍ശങ്ങള്‍ ഇപ്പോള്‍ കണ്‍മുന്‍പില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയതയുടെ ദിനപത്രമായ ജന്മഭൂമി അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നത് ആഹഌദകരവും അഭിമാനകരവുമാണ്. ജന്മഭൂമിക്ക് ഇനിയും പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയേണ്ടതുണ്ട്.
Discussion about this post