പാലക്കാട്: എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമായിരുന്നില്ല. പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണ കാരണം സൂര്യാഘാതമാണെന്ന് മനസിലായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിതീവ്രമായ ചൂട് സംസ്ഥാനത്ത് തുടർച്ചയായി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്.
പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചൂട് കൂടുമ്പോൾ രോഗങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കൂടുതലാണെന്നും കൃത്യസമയത്ത് ചികിത്സ തേടണമെന്നും നിർദേശത്തിൽ പറയുന്നു.
Discussion about this post