കൊച്ചി: ഭാസ്കർജി ശിശു വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം മഹത്തരമാണെന്ന് ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ. എറണാകുളം ശ്രീ ലക്ഷ്മിബായ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആർഎസ്എസ് മുൻ പ്രചാരകനും ഭാരതീയ വിദ്യാനികേതൻ സ്ഥാപകനുമായ എ.വി. ഭാസ്കർജി 9-ാം ശ്രദ്ധാഞ്ജലി സദസിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠന്മാരെ കുറിച്ച് പറയുമ്പോൾ അവരുടെ മനസ്സ്, വജ്രം പോലെ കഠിനവും, അതേസമയം പൂവ് പോലെ മൃദുലവുമായിരിക്കും എന്ന് പറയാറുണ്ട്. ആ ഒരു പ്രയോഗം യഥാർത്ഥത്തിൽ ഭാസ്കർജി അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് കാണിച്ചു തരികയായിരുന്നു. ഒരു പ്രചാരകന് തന്റെ സഹപ്രവർത്തകരോടുള്ള താത്പര്യം, കരുതൽ, എത്രമാത്രം ആണെന്ന് ഭാസ്കർ ജിയിൽ നിന്ന് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. ഇന്നത്തെ രീതിയിൽ വിദ്യാഭാരതിയുടെ വികാസം, അതിന്റെ വളർച്ച, അത് കേരളത്തിൽ ഉണ്ടാക്കാൻ സാധിച്ച സ്വാധീനം തുടങ്ങിയ കാര്യങ്ങളെല്ലാം പ്രാരംഭം മുതൽ തന്നെ ഭാസ്കർജിയുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമായിരുന്നു.
ഒരുപക്ഷേ ദക്ഷിണ കേരളത്തിൽ ഒരു സ്ഥലത്തും സംഭവിക്കാത്ത രീതിയിൽ ശിശു വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്, അതിനു പറ്റിയ രീതിയിലുള്ള അദ്ധ്യാപകരെ തയ്യാറാക്കാൻ വർഷംതോറും വളരെ നിർബന്ധപൂർവ്വം പരിശീലന പരിപാടി, ഒരു സമൂഹത്തിന്റെ സംഘാടനത്തിന് ആവശ്യമായ സംഘടനാ ബോധം വളർത്തൽ തുടങ്ങിയ ഓരോ കാര്യങ്ങളിലും ഭാസ്കർജി ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ നിന്ന് ഭാസ്കർജി ആരംഭിച്ച ഈ കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ചിരുന്നു എന്നതും എടുത്തുപറയേണ്ടതാണെന്ന് സേതുമാധവൻ കൂട്ടിച്ചേർത്തു. ഈ നിലയ്ക്കെല്ലാം തന്നെ കേരളത്തിൽ ഭാരതീയമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെ നിർണായകമായ ഒരു പങ്ക് ഭാസ്കർജിയുടെ പ്രവർത്തനം കൊണ്ട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് കൊച്ചി മഹാനഗർ സംഘചാലക് പി. വിജയകുമാർ അധ്യക്ഷനായി. ഇന്ന് ഭാരതീയ ഭാഷകളേക്കാൾ വിദേശ ഭാഷകൾക്ക് പ്രാധാന്യം നൽകുമ്പോൾ, നാം മനസ്സിലാക്കാതെ പോകുന്നത് ഭാരതത്തിന്റെ മഹത്തരമായ ഭാഷാ സമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണെന്ന് ചടങ്ങിൽ സംസാരിച്ച തൃപ്പൂണിത്തുറ സംസ്കൃത കോളജ് അദ്ധ്യാപിക ഡോ. ജോത്സ്ന പറഞ്ഞു. സംസ്കൃതം ഉൾപ്പെടെയുള്ള ഭാരത ഭാഷകളുടെ പ്രാവീണ്യത്തെക്കുറിച്ചും നാം മനസിലാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ലക്ഷ്മിഭായ് ട്രസ്റ്റ് സെക്രട്ടറി എ.ആർ. സന്തോഷ്, ലക്ഷ്മിഭായ് ധർമ്മ പ്രകാശൻ അധ്യക്ഷൻ എം. മോഹനൻ എന്നിവർ സംസാരിച്ചു.













