അങ്കോള ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് പഴം വില്ക്കുന്ന മോഹിനി ഗൗഡയ്ക്ക് കഴിഞ്ഞ ദിവസം താരപരിവേഷമായിരുന്നു. ഉത്തര കന്നടയിലെ സിര്‍സിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹെലിപാഡില്‍ സ്വീകരിക്കാനെത്തിയവരുടെ പട്ടികയില്‍ മുന്‍നിരക്കാരിയായി മോഹിനി. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ജീവിതം കൊണ്ട് അംബാസഡറായ മോഹിനിയെ ആണ് അദ്ദേഹം ആദ്യം തന്നെ കണ്ടത്. കൈകള്‍ ചേര്‍ത്ത് പിടിച്ച് മോദി മോഹിനിയെ അഭിനന്ദിച്ചു. കുശലം പറഞ്ഞു.
ഇലകളില്‍ പൊതിഞ്ഞാണ് മോഹിനി ഗൗഡ പഴങ്ങള്‍ വില്ക്കുന്നത്. വാങ്ങുന്നവരില്‍ പലരും പഴങ്ങള്‍ കഴിച്ച് ഇലകള്‍ റോഡിന്റെ വശത്തുതന്നെ വലിച്ചെറിയും. എന്നാല്‍ മോഹിനി അവ എടുത്ത് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കും. വാങ്ങുന്നവരെ ഉപദേശിക്കും. ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് മോഹിനി ഗൗഡ വാര്‍ത്തയിലിടം നേടിയതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതും.മറ്റ് കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവറില്‍ പഴങ്ങള്‍ നല്കിയപ്പോള്‍ മോഹിനി അതിന് തെരഞ്ഞെടുത്തത് ഇലകളായിരുന്നു. പ്രകൃതി സൗഹൃദ പാക്കേജ് എന്ന തരത്തില്‍ ഈ രീതി വാര്‍ത്തകളിലിടം പിടിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ മോഹിനി പുലര്‍ത്തുന്ന നിഷ്ഠ ശ്രദ്ധേയവും ശ്ലാഘനീയവുമാണെന്ന് മോദി പറഞ്ഞു. അങ്കോള ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിത്രീകരിച്ച ഒരു വൈറല്‍ വീഡിയോയിലൂടെ മോഹിനിയെക്കുറിച്ചറിഞ്ഞ പ്രധാനമന്ത്രി അവരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
Discussion about this post