തിരുവനന്തപുരം: ‘കാരണഭൂതന്‍ ടൂറിലാണ് ജീവനക്കാര്‍ പട്ടിണിയിലാണ്’ എന്ന പ്ലക്കാര്‍ഡ് തുരുമ്പിച്ച സ്റ്റീല്‍ കസേരയില്‍ പതിപ്പിച്ച് അതും ചുമന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് സംഘിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ചിഫ് ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജീവനക്കാര്‍ക്ക് ശമ്പളം നല്കാനുള്ള ക്രമീകരണം പോലും ഏര്‍പ്പാടാക്കാതെ ഉല്ലാസയാത്ര നടത്തുന്ന ഭരണകൂടം കേരളത്തിന് അപമാനമാണെന്ന് അജയകുമാര്‍ പറഞ്ഞു. മെയ് മാസം പകുതി ആയിട്ടും ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്കിയില്ല. ഡ്രൈവര്‍മാര്‍ മദ്യപിച്ചോ എന്ന് ഊതിനോക്കുന്നവര്‍ ജീവനക്കാര്‍ കഞ്ഞി കുടിച്ചോ എന്ന് നോക്കാനുള്ള മെഷീന്‍ കൂടി വാങ്ങണം. മാസം 230 കോടിയിലധികം രൂപ വരുമാനം ലഭിച്ചിട്ടും ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് ഭൂമാഫിയയുമായി സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്.
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിയാണെന്ന് വരുത്തിത്തീര്‍ത്ത് ഭൂസ്വത്ത് സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാര്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. പുതിയ നിയമനങ്ങള്‍ നടത്താതെയും ബസുകള്‍ വാങ്ങാതെയും കെഎസ്ആര്‍ടിസിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൂലി നിഷേധിക്കുന്ന ഈ ഫാസിസ്റ്റ് സമീപനം ജീവനക്കാരെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എസ്. ശരത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍, വൈസ് പ്രസിഡന്റുമാരായ എസ്. സുരേഷ് കുമാര്‍, ജി.എസ് ഗോപകല, സംസ്ഥാന സെക്രട്ടറി എസ്.വി ഷാജി, എസ്.ആര്‍ അനീഷ്, ആര്‍.പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, സെക്രട്ടറി എ.എസ് പത്മകുമാര്‍, ഡി ബിജു, വി.ആര്‍ അജിത് എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post