കോട്ടയം: കേവലം 20 മാസം നീണ്ടുനിന്ന സമരപരിപാടി മാത്രമല്ല വൈക്കം സത്യഗ്രഹമെന്നും അതിന് അനിവാര്യമായ ഒരു ഭാവികാലം കൂടിയുണ്ടെന്നും ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉരുവം കൊണ്ട ഹൈന്ദവ പുനര്‍ ജാഗരണത്തിന്റെ ക്രമാനുഗതമായ പരിണാമം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം എന്നത് ഭാരതത്തെ സംബന്ധിച്ച് ഒരുദിനാത്ഭുതമല്ല. നവോത്ഥാനങ്ങളുടെ ഭൂമിയാണ് ഭാരതം. എപ്പോഴാണോ അധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് അറിയാതെ വഴുതിപ്പോകുന്നത് അപ്പോഴെല്ലാം നമ്മെ രക്ഷപ്പെടുത്തുന്ന നേര്‍പാതയുടെ പേരാണ് നവോത്ഥാനം.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം കട്ടിങ് സൗത്താക്കി മാറ്റാനാണ് ചിലരുടെ ശ്രമം. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുക എന്നതാണ് കട്ടിങ് സൗത്തിന് വേണ്ടി വാദിക്കുന്നവരുടെ ലക്ഷ്യം. ഭാരതത്തിന്റെ ഭാഗമല്ല തെക്കന്‍ സംസ്ഥാനങ്ങള്‍ എന്ന തെറ്റായ വ്യാഖ്യാനം നല്കി വരും തലമുറയെ പോലും തെറ്റിദ്ധരിപ്പിക്കുന്നതിനാണ് അവര്‍ ഈ അവസരം ഉപയോഗിക്കുന്നത്. ഇ.വി.രാമസ്വാമി നായ്ക്കരാണ് കേരളത്തിലെ ജനങ്ങളെ ജാതിക്കോയ്മയില്‍ നിന്ന് മോചിപ്പിച്ചതെന്ന് ഭാവി തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ആഖ്യാനങ്ങളാണ് അവര്‍ നടത്തുന്നത്.
വൈക്കം സത്യഗ്രഹത്തിന്റെ തനിമയെ നിരാകരിച്ചുകൊണ്ടോ, അതിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മാക്കളെ വിസ്മരിച്ചുകൊണ്ടോ ഉള്ള ആഘോഷങ്ങള്‍ അല്ല വേണ്ടത്. അവരെ സ്മരിച്ചുകൊണ്ടും അവര്‍ നല്കിയ സന്ദേശത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചുകൊണ്ടും മുന്നേറണം.
സാമൂഹിക സമരസതയുടെ, സമന്വയത്തിന്റെ, ഹൈന്ദവ ഏകീകരണത്തിന്റെ ഉദാഹരണമാണ് വൈക്കം സത്യഗ്രഹം. ഹിന്ദു നവീകരണമായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യം എന്ന് മറക്കുന്നതിനൊപ്പം സത്യഗ്രഹത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തിത്വങ്ങളെ നിരാകരിക്കുന്നതാണ് പുത്തന്‍ നവോത്ഥാന ചര്‍ച്ചകളില്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി.കെ മാധവനായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നെടുംതൂണ്‍. എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരും അതിന് നേതൃത്വം കൊടുത്തു. വൈക്കം സത്യഗ്രഹം ഹിന്ദു ധര്‍മ്മ പരിഷ്‌കരണത്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു ടി.കെ.മാധവന്റെ പ്രഖ്യാപനം. താനൊരു ഹിന്ദുവാണ് എന്നതിന് മറ്റൊരാളുടെ അംഗീകാരത്തിന് കാത്തിരുന്ന വ്യക്തിയല്ല മാധവനെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ജെ.നന്ദകുമാര്‍ പറഞ്ഞു. ഹിന്ദുവായിരിക്കുക എന്നത് ജന്മാവകാശമായി കരുതിയ വ്യക്തി. ഹിന്ദുധര്‍മ്മത്തിന്റെ മൂലസിദ്ധാന്തം അദ്ദേഹം മനസ്സിലാക്കിയത്.
ഹരിനാമകീര്‍ത്തനത്തിലൂടെയും സ്വാമി വിവേകാനന്ദ ദര്‍ശനങ്ങളിലൂടെയുമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ജാതിസമ്പ്രദായങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിപത്തിനെ ജാതിക്കുമ്മി പോലുള്ള കവിതകളിലൂടെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍. ആത്മസാക്ഷാത്കാരത്തിന്റെ മുന്നേറ്റത്തിന് ആദ്യം ഉപേക്ഷിക്കേണ്ടത് ജാതി സംബന്ധമായ മേല്‍ക്കോയ്മയാണെന്നാണ് ഉപദേശസാഹസ്രി, ശ്രീ ശങ്കരഭഗവദ് പാദർ എന്നിവയിലൂടെ ശങ്കരാചാര്യര്‍ പറയുന്നതെന്നും ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
മുന്നാക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഭദ്രദീപം കൊളുത്തി. ചടങ്ങില്‍ അദ്ദേഹം അധ്യക്ഷനായി. തുല്യനന്മയ്ക്ക് വേണ്ടി തുടങ്ങിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. എന്നാല്‍ തുല്യത വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിദേശ രാജ്യങ്ങള്‍ പ്രധാനമായി കരുതുന്നത് പൗരത്വമാണ്. ഭാരതീയന്‍ എന്ന ചിന്തയാവണം പ്രധാനം. ആ ചിന്തയിലേക്ക് വരാന്‍ പലരും വൈമനസ്യം കാണിക്കുന്നുണ്ട്. ആ പ്രവണത മാറണമെന്നും സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ചടങ്ങില്‍ ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍.ഗംഗാധരന്‍ വൈക്കം സത്യഗ്രഹ അനുസ്മരണ ഭാഷണം നടത്തി. ചടങ്ങില്‍ എന്‍.ഗംഗാധരന്‍, മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ വിനോദ് ചന്ദ്രന്‍ എന്നിവരെ ആദരിച്ചു.
ദേശീയ നവോത്ഥാനവും വൈക്കം സത്യഗ്രഹവും എന്ന വിഷയത്തില്‍ ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്ല പ്രദീപ് കേത്കര്‍, വൈക്കം സത്യഗ്രഹവും സാമൂഹ്യ സമരസതയും എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി പ്രാര്‍ത്ഥന ആലപിച്ചു.
ജെ.നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വം പുതിയ കാലം’ എന്ന പുസ്തകം രാമചന്ദ്രന്‍ നായര്‍, എന്‍.ഗംഗാധരന് നല്കി പ്രകാശനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു വൈക്കം സത്യഗ്രഹത്തിന്റെ പ്രതിജ്ഞ ചൊല്ലി. എന്‍.യു. സഞ്ജയ് ഐക്യഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി വക്താവ് ആര്‍.വി.ബാബു സ്വാഗതവും സംഘാടക സമിതി ജന.കണ്‍വീനര്‍ എം.വി. ഉണ്ണികൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.
Discussion about this post