ആലുവ : വായ്‌മൊഴിയായി പകര്‍ത്തപ്പെടുന്ന പഠന പാഠന സമ്പ്രദായമാണ് ഭാരതീയ വിദ്യാഭ്യാസ രീതിയെന്നും ശൈവ-വൈഷ്ണവ-ശാക്തേയങ്ങളായ സമ്പ്രദായങ്ങളെയെല്ലാം സമന്വയിപ്പിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.കെ. ഗീതാകുമാരി പറഞ്ഞു. മാധവ്ജിയുടെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് തന്ത്ര വിദ്യാപീഠത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാമൂഹ്യ ജീവിതത്തെ യുക്തമായ രീതിയില്‍ സ്വാധീനിക്കുന്ന ഈ ശാസ്ത്രത്തെ ആധുനിക സയന്‍സുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഗവേഷണ പഠനങ്ങള്‍ നടത്തി സാമാന്യജനങ്ങളെ പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സനാതനധര്‍മ്മം മാരക രോഗമാണെന്ന് പ്രചരിപ്പിക്കുന്നത് പോലുള്ള വെല്ലുവിളികള്‍ ഹിന്ദുക്കള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമാജത്തിന് ദിശാബോധം നല്‍കി നേര്‍വഴിക്ക് നയിക്കാന്‍ ഉതകുന്ന ആത്മീയ ആചാര്യന്മാരായി മാറുവാന്‍ തന്ത്രിമാര്‍ക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു.
വേനാട് വാസുദേവന്‍ അനുസ്മരണ ഭാഷണം നടത്തി.
മാധവ്ജിയുടെ സ്മരണക്കായി തന്ത്രവിദ്യാപീഠം നല്‍കിവരുന്ന മാധവീയം പുരസ്‌കാരം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് വൈസ് ചാന്‍സലര്‍ ഗീതാ കുമാരി സമര്‍പ്പിച്ചു. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയേയും ചടങ്ങില്‍ ആദരിച്ചു.
അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി വി.കെ വിശ്വനാഥന്‍, കാരുമാത്ര വിജയന്‍ തന്ത്രി, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, ടി.എം.എസ്. പ്രമോദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post