രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥദ്വാരയിൽ നിർമ്മിച്ച ശിവഭഗവാന്റെ പ്രതിമയാണ് വിശ്വാസ സ്വരൂപം അഥവാ സ്റ്റാച്യൂ ഓഫ് ബിലീഫ്. ലോകത്തിലെ ഉയരം കൂടിയ പ്രതിമകളിൽ നാലാം സ്ഥാനത്തുള്ള ഈ പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമകൂടിയാണ്. നരേഷ് കുമാവത്ത് ശിൽപം ചെയ്ത ഈ പ്രതിമ 2022 ഒക്ടോബർ 29 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ഇടത് കാല്‍ മടക്കി വലതുകാലിനു മുകളിൽ കയറ്റിവെച്ച് ഇരിക്കുന്ന രൂപത്തിലാണ് ഭഗവാന്റെ പ്രതിമനിർമിച്ചിട്ടുള്ളത്. പ്രതിമയുടെ ഇടതു കയ്യിൽ ത്രിശൂലം പിടിച്ചിട്ടുണ്ട്. ആകെ 369 അടി (112 മീറ്റർ) ഉയരമുള്ള ഈ പ്രതിമയുടെ രൂപകൽപ്പന 2011 ൽ ആരംഭിച്ചു. 2016 ൽ തുടങ്ങിയ നിർമ്മാണം 2020 ൽ പൂർത്തിയായി. മറ്റ് പ്രതിമകളിൽ നിന്നും വ്യത്യസ്തമായി ചെമ്പ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. രാത്രിയിൽ പ്രത്യേക വിളക്കുകൾ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.
ഔഷധസസ്യങ്ങൾ പരിപാലിക്കുന്ന ഉദ്യാനത്തിനൊപ്പം പ്രതിമയുടെ ഉൾഭാഗത്ത് എക്‌സിബിഷൻ ഹാളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 25 അടി ഉയരവും 37 അടി നീളവുമുള്ള നന്ദി പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്‍റെ നിർമ്മാണം.
ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന് മുതൽക്കൂട്ടായി ലോകത്തിനുമുമ്പിൽ തലയുയർത്തി നിൽക്കുന്ന ഈ പ്രതിമ മറ്റൊരു വിസ്മയിപ്പിക്കുന്ന നിർമ്മിതിയാണെന്നതിൽ സംശയമില്ല.
Discussion about this post