വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക് തടാകം, മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള ബിഷ്ണുപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ഉൾനാടൻ കടലിനോട് സാമ്യമുള്ള മനോഹരമായ ഒരു ജലവിതാനമാണിത്. ജലം നിശ്ചലമായിക്കിടക്കുകയും കടവുകളും തീരങ്ങളുമൊക്കെ ഒഴുകി നടക്കുകയും ചെയ്യുന്നു എന്നതാണിതിന്റെ പ്രത്യേകത.
പ്രകൃതിയുടെ സൗന്ദര്യത്തിൻ്റെയും വൈവിധ്യത്തിൻ്റെയും അസാധാരണമായ ഉദാഹരണമാണ് ലോക്തക് തടാകം, ഭാവിതലമുറയ്‌ക്കായി ഈ സവിശേഷമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നിലവിലുണ്ട്.
നീർത്തട സംരക്ഷണത്തിന് വേണ്ടി രൂപം കൊണ്ട റാംസാർ (Ramsar) ഉടമ്പടി പ്രകാരം സംരക്ഷിച്ചുപോരുന്ന തടാകം കൂടിയാണ് ലോക്താക്.
വിഘടനത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള ജൈവാവശിഷ്ടങ്ങൾ ഒഴുക്കിനൊപ്പം മണ്ണുമായിച്ചേർന്ന് വർഷങ്ങൾകൊണ്ട് വേരുകളാൽ കെട്ടിപ്പെട്ട് വൃത്താകൃതിയിലുള്ള പൊങ്ങിക്കിടക്കുന്ന ചതുപ്പുകൾ രൂപപ്പെടുന്നു. മണിപ്പൂരി ഭാഷയിൽ ‘ഫുംദീസ്’ (Phumdis) എന്നാണ് ഈ ഒഴുകും കരകളെ അറിയപ്പെടുന്നത്.
ഇവിടുത്തെ ഏറ്റവും വലിയ ഫുംദികളിൽ ഒന്നിലാണ് കെയ്ബുൾ ലംജാവോ ദേശീയോദ്യാനം (Keibul Lamjao National Park) സ്ഥിതി ചെയ്യുന്നത്. 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഫുംദി, ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്. മണിപ്പൂരിൻ്റെ സംസ്ഥാന മൃഗവും, വംശനാശഭീഷണി നേരിടുന്ന ഡാൻസിങ് ഡീർസ് (Rucervus eldii eldii) എന്നറിയപ്പെടുന്ന സംഗായിമാനുകളുടെ അഭയകേന്ദ്രം കൂടിയാണ് ഈ ഉദ്യാനം.
കൂടാതെ, തടാകത്തിൽ 230 ഇനം ജലസസ്യങ്ങൾ, 100 തരം പക്ഷികൾ, ബാർക്കിങ് ഡീർ, സാമ്പാർ ഡീർ, ഇന്ത്യൻ പെരുമ്പാമ്പ് തുടങ്ങിയ 400 ഇനം ജന്തുജാലങ്ങൾ ഇവിടെയുണ്ട്. ബ്ലാക്ക് കൈറ്റ്, ഈസ്റ്റ് ഹിമാലയൻ പൈഡ് കിംഗ്ഫിഷർ, നോർത്തേൺ ഹിൽ മൈന, ലെസർ ഈസ്റ്റേൺ ജംഗിൾ കാക്ക, ബർമീസ് പൈഡ് മൈന, ലെസർ സ്കൈലാർക്ക് തുടങ്ങിയ ഇനം പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും.
നൂറുകണക്കിനു വർഷങ്ങളായി, ഫുംസാങ്സ് (Phumsangs) എന്നറിയപ്പെടുന്ന ഫ്ലോട്ടിംഗ് ഹട്ടുകളിൽ (Khangpok) താമസിക്കുന്ന ഇവിടുത്തെ ജനതയുടെ ഉപജീവനമാർഗം തികച്ചും ഈ തടാകത്തെ ആശ്രയിച്ചാണ്. ഈ പ്രദേശത്തെ ജലവൈദ്യുത ഉത്പാദനത്തിനും ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമുള്ള ഒരു ജലസ്രോതസ്സായ ലോക്തക്, ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിന്റെ വിലപ്പെട്ട ആകർഷണങ്ങളിൽ ഒന്നാണ്.
Discussion about this post