മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളുടെ (Nubian, Arabic, and Somali plates) ഭൂഖണ്ഡാന്തര വ്യതിചലനം/ പ്രവാഹം മൂലമുണ്ടാകുന്ന ഒരു ഭൂഗർത്തം (Depression) ആണ് ഡിപ്രെഷനാണ് ഡാനാകിൽ ഡിപ്രെഷൻ. ചുറ്റുമുള്ള പ്രദേശത്തേക്കാൾ താഴ്ന്ന പ്രദേശത്തെയാണ് ഭൂഗർത്തം എന്ന് പറയുന്നത്. പ്രതിവർഷം 1-2 സെൻ്റീമീറ്റർ വരെ പ്ലേറ്റുകൾ അകലുന്നത്കാരണം, ഇവിടെ ഭൂകമ്പവും അഗ്നിപർവ്വതവിസ്ഫോടനവും പോലെയുള്ള തീവ്രമായ ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങൾ അരങ്ങേറുന്നു. ഇത് കാരണം ഭൂമിയിലെ ഏറ്റവും അസാധാരണമായ അന്തരീക്ഷങ്ങളിലൊന്നാണ് ഡാനാകിൽ ഡിപ്രെഷൻ. കൂടാതെ ഉപ്പ് തടാകങ്ങൾ, ലാവ തടാകങ്ങൾ, അഗ്നിപർവ്വതങ്ങൾ, വർണ്ണാഭമായ അമ്ല നീരുറവകൾ എന്നിവയുടെ ഭവനം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
‘ഗ്രഹത്തിലെ ഏറ്റവും ചൂടേറിയ സ്ഥലം’ എന്നും വിശേഷണമുള്ള ഈ പ്രദേശത്തെ ശരാശരി വാർഷിക താപനില 34-35°C (93-95°F) വരെയാണ്. ഇവിടെ വീശുന്ന ചൂടുള്ള വരണ്ട കാറ്റിനെ ഗാര (Gara) എന്നാണ് തദ്ദേശവാസികൾ വിളിക്കുന്നത്. ഇവിടുത്തെ രണ്ട് പ്രധാന ഉപ്പ് തടാകങ്ങളാണ്, അഫ്രേര തടാകം ( Lake Afrera or Lake Afdera), കരും തടാകം (Lake Karum or Lake Asale). ഈ തടാകങ്ങൾ ആവാഷ് (Awash) നദിയുടെ വിശ്രമ സ്ഥലം കൂടിയാണ്, കാരണം വടക്കൻ മലനിരകളിൽ നിന്നും പതിവിന് വിപരീതമായി മുകളിലേക്ക് ഒഴുകുന്ന ഈ നദി, ചൂടിനാൽ ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് പാളികൾ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള ചൂടുനീരുറവകൾ കാരണം തടാകത്തിലെ ജലം ദ്രാവകാവസ്ഥയിൽ തന്നെ തുടരുന്നു.
ഉപ്പ് ഖനനമാണ് ഡാനാകിലിൻ്റെ പ്രധാന വ്യവസായം, ഉപ്പ് കയറ്റുമതി ചെയ്യാൻ പ്രധാനമായും ഒട്ടകങ്ങളെ ആശ്രയിക്കുന്നു.അഗ്നിപർവ്വതമായ എർട്ട ആലെ (Erta Ale), ഡല്ലോൾ ഗർത്തത്തിന്റെ (Dallol Crater) ഭൂപ്രകൃതി എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ്.
വൈവിധ്യമാർന്ന അഗ്നിപർവ്വത ഭൂപ്രകൃതി സന്ദർശകർക്കും ഭൗമശാസ്ത്രജ്ഞർക്കും ഒരുപോലെ കണ്ണിന് വിരുന്നൊരുക്കുന്നുവെങ്കിലും, കത്തുന്ന ചൂടും, ആർദ്രത, തണൽ, ജലസ്രോതസ്സുകൾ എന്നിവയുടെ അഭാവം ഈ പ്രദേശത്തിന് ‘ഭൂമിയിലെ നരകം’ എന്ന വിശേഷണം നൽകി. തീർത്തും വാസയോഗ്യമല്ലാത്ത ഈ ഭൂപ്രകൃതിയിൽ നൂറ്റാണ്ടുകളായി അഫാർ ജനത എങ്ങനെ ജീവിച്ചുപോന്നിരുന്നു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.
എത്യോപ്യയിലെ അഫാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഫാർ ട്രയാംഗിളിന്റെ വടക്കൻ ഭാഗമാണ് ഈ ഭൂഗർത്തം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 125 മീറ്റർ (410 അടി) താഴെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലങ്ങളിൽ ഒന്നാണ്. അഫാർ ഡിപ്രഷൻ എത്യോപ്യ കൂടാതെ ഡിജിബൗട്ടിയിലും എറിത്രിയയിലേക്കും (Djibouti and Eritrea) വ്യാപിച്ചു കിടക്കുന്നു. എന്നാൽ ഉപ്പ് തടാകങ്ങൾ, അഗ്നിപർവ്വതങ്ങൾ, ഭൗമ ഘടനകൾ എന്നിവ കൂടുതലായും കണ്ടെത്തിയിരിക്കുന്നത് എത്യോപ്യയിലാണ്. 5 മുതൽ 10 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ അഫാർ ട്രയാംഗിൾ ഒരു പുതിയ സമുദ്രത്തിൻ്റെ ജന്മസ്ഥലമാകുമെന്ന് സമീപകാല ഭൗമശാസ്ത്ര കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വൈവിധ്യപൂർണ്ണമായ പ്രകൃതിദൃശ്യങ്ങൾക്കിടയിലെ ഈ പ്രതിഭാസം, ഭൂമിശാസ്ത്രത്തെ രൂപപ്പെടുത്തുന്ന അപൂർവ പ്രക്രിയകളിലേക്ക് നമ്മെ തീർച്ചയായും കൂട്ടിക്കൊണ്ടുപോകും.
Discussion about this post