തിരുവനന്തപുരം: കച്ചവടത്തിനും ലാഭകണക്കുകള്‍ക്കുമപ്പുറം വ്യാപാര സമൂഹം രാജ്യവികസനത്തിന്റെ ചാലക ശക്തിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ നാലാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രിയദര്‍ശിനിഹാളില്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാഭത്തെക്കാളേറെ രാജ്യത്തിന്റെ ക്ഷേമമാണ് കച്ചവടക്കാര്‍ നോക്കേണ്ടത്. രാഷ്‌ട്രനിര്‍മാണത്തില്‍ കച്ചവടസമൂഹത്തിന് കാര്യമായ പങ്കുണ്ട്. ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയായി ഭാരതം വളരാന്‍ കച്ചവട മേഖലയുടെ സ്വാധീനമുണ്ടാകണം. അതിന് ഭാരതീയ വ്യാവസായ സംഘത്തിന് കഴിയും. വ്യാപാരി വ്യവസായികളെ ശക്തിപ്പെടുത്തുന്നതിന് നരേന്ദ്രമോദി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തത്. അതിന്റെ ഫലമാണ് സാധാരണ കച്ചവടക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുകയും അതുവഴി രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായതും. ധര്‍മ്മത്തിലൂന്നിയ വ്യവസായമാണ് വേണ്ടതെന്നും അതിനായി ഭാരതീയ വ്യവസായസംഘത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ്.അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ.റാംമാധവ് മുഖ്യപ്രഭാഷണം
നടത്തി. വ്യാപാരത്തിലൂടെ പണം നേടണമെങ്കിലും കച്ചവടം സാമൂഹ്യക്ഷേമത്തിന് ഉതകുന്ന വിധമാകണമെന്ന് ഡോ.റാംമാധവ് പറഞ്ഞു. ശരിയായ മാര്‍ഗത്തിലൂടെ നേടുന്ന പണം ധര്‍മമാണ്. അതിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സാമ്പത്തികമായി വളരുകയാണ്. അത് എല്ലാ ഇന്ത്യാക്കാരന്റെയും നേട്ടമാണ്. രാജ്യത്തെ 10 ധനികര്‍ വളര്‍ന്നാല്‍ ജിഡിപി ഉയരുമെങ്കിലും അത് ശരിയായ മാതൃകയല്ല. താഴേതട്ടില്‍ നിന്നുള്ള വളര്‍ച്ചയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ കുതിപ്പാണ് ജിഡിപിയിലുണ്ടായത്. രാജ്യം സാമ്പത്തിക രംഗത്ത് കുതിച്ചുയരുമ്പോള്‍ അതിന് പിന്നില്‍ വ്യാപാരസമൂഹത്തിന്റെ നിസ്തുല പ്രവര്‍ത്തനമുണ്ട്. രാജ്യത്ത് ഓരോവര്‍ഷവും രണ്ട് കോടിപേരാണ് 18 വയസ് പൂര്‍ത്തിയാകുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലൊരുക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ വ്യാപാരി വ്യവസായികളാണ് ജോലിസാധ്യകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അതിനാല്‍ വ്യാപാരി വ്യവസായികള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണ് ഉള്ളത്. നാല് എംപിയുള്ള കക്ഷികളാണ് മോദിയുടെ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നത്. ഭരണം നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലാനുസൃതമായ മാറ്റം മുന്‍കൂട്ടികണ്ട് അതനുസരിച്ചുള്ള മാറ്റം വ്യാപാരത്തിലുംവരുത്തണമെന്ന് ഹിന്ദുഐക്യവേദി വര്‍ക്കിങ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഒരുമിച്ച് നിന്ന് നഷ്ടപ്പെട്ട മേഖലകളിലെ വ്യാപാരം തിരിച്ചുപിടിക്കണം. ദൈവത്യുല്യമായ ഉപഭോക്താവിന് ഭക്ഷണത്തില്‍പോലും വിഷം ചേര്‍ത്ത് വില്‍ക്കുന്ന കച്ചവടത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും രാഷ്‌ട്രത്തിന്റെ ധര്‍മ്മത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എം.എസ്.ഫൈസല്‍ഖാന്‍, റാണി മോഹന്‍ദാസ്, ശശിധരന്‍മേനോന്‍, എന്‍.ധനഞ്ജയന്‍ ഉണ്ണിത്താന്‍, ഡോ.ജെ.ഹരീഷ്, അരുണ്‍ വേലായുധന്‍,ഡോ.ബിജു രമേശ്, എസ്.രാജശേഖരന്‍നായര്‍ എന്നിവര്‍ക്ക് റാംമാധവ് ചാണക്യപുരസ്‌ക്കാരം സമ്മാനിച്ചു. ഭാരതീയ വ്യാപാരി വ്യവസായ സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.അജിത് കര്‍ത്ത അധ്യക്ഷനായി. ഹിന്ദുഐക്യവേദി രക്ഷാധികാരി ശശികല ടീച്ചര്‍ , ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ഭാരതീയ വ്യവസായ സംഘം ഭാരവാഹികളായ എസ്.സന്തോഷ്, ജി.വെങ്കിട്ടരാമന്‍, ജി.എസ്.മണി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post