അയോദ്ധ്യ: കൊടുംചൂടിനെയും കൂസാതെ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. റിക്കാര്‍ഡ് താപനില രേഖപ്പെടുത്തിയ ജൂണിലെ എല്ലാ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് ബാലകരാമനെ ദര്‍ശിച്ചത്. ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഇത് രണ്ട് ലക്ഷത്തോളം എത്തും. ദിവ്യാംഗരും വൃദ്ധരും സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തര്‍ ഉച്ചവെയിലിനെപ്പോലും വകവയ്ക്കാതെയാണ് രാമകീര്‍ത്തനങ്ങളുമായി അയോദ്ധ്യയിലേക്ക് എത്തുന്നത്. തിരക്ക് മൂലം ദര്‍ശനം സാധ്യമാകാതെ മടങ്ങേണ്ട അവസ്ഥ തീര്‍ത്ഥാടകര്‍ക്കുണ്ടാകാതിരിക്കാന്‍ എല്ലാ സൗകര്യങ്ങളും തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ളം, തണല്‍പ്പാതകള്‍, കാത്തിരിപ്പുകേന്ദ്രം, ആശുപത്രി, തുടങ്ങി ഭക്തര്‍ക്ക് വേണ്ടുന്നതെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷയ്ക്കും സൗകര്യത്തിനുമായി പ്രവേശനപാതയില്‍ സ്റ്റീല്‍ ബാരിക്കേഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാദങ്ങള്‍ പൊള്ളാതിരിക്കാന്‍ റോഡില്‍ മുഴുവന്‍ കട്ടിയുള്ള പായ വിരിച്ചിട്ടുണ്ട്. ഫാനുകള്‍, കൂളറുകള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സജ്ജമാണ്.
പ്രവേശന കവാടത്തിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ സര്‍വീസ് സെന്ററില്‍ ആയിരത്തോളം സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം 40 ടോയ്ലറ്റുകള്‍. ലഗേജുകള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യം. വീല്‍ ചെയര്‍ സര്‍വീസ്, ഹോമിയോപ്പതി, അലോപ്പതി ആശുപത്രികള്‍, രണ്ട് ലക്ഷത്തിലധികം ഭക്തരുടെ ചെരിപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള ഇടം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റി ഡോ. അനില്‍ കുമാര്‍ മിശ്ര പറഞ്ഞു. ക്ഷേത്രത്തിലെ പാസഞ്ചര്‍ കണ്‍വീനിയന്‍സ് സെന്ററില്‍ 10 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് രണ്ട് ആശുപത്രികള്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്നുണ്ട്. രണ്ട് മെഡിക്കല്‍ യൂണിറ്റുകളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ഉള്ളതടക്കം നാല് ആംബുലന്‍സുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ നാനൂറോളം ജീവനക്കാരെ ട്രസ്റ്റ് വിന്യസിച്ചിട്ടുണ്ട്.
Discussion about this post