ന്യൂദല്‍ഹി: ആഗോള വൈജ്ഞാനിക സേതുവിന്റെ വീണ്ടെടുപ്പാണ് നളന്ദയില്‍ നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ഭൂതകാലത്തിനപ്പുറമുള്ള ബന്ധമാണ് നളന്ദ സമ്മാനിക്കുന്നതെന്നും പുതിയ കാമ്പസിന്റെ ഉദ്ഘാടന വേദിയില്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ആസിയാന്‍-ഭാരത സര്‍വകലാശാല ശൃംഖലയായി നളന്ദ പ്രവര്‍ത്തിക്കുകയാണ്. വിദ്യാഭ്യാസം, പരിശീലനം എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗ്ലോബല്‍ സൗത്ത് എന്ന കാഴ്ചപ്പാടിനെ സാക്ഷാത്ക്കരിക്കുകയാണ് നളന്ദ. നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നളന്ദയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത് എന്നത് സന്തോഷകരമാണ്. നളന്ദയുടെ പുനരുജ്ജീവനം ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും വലിയ സന്ദേശങ്ങളാണ് നല്കുന്നത്, ജയശങ്കര്‍ പറഞ്ഞു.
2010ലെ നളന്ദ സര്‍വകലാശാല നിയമം വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലാണ് സര്‍വകലാശാല. ബൗദ്ധികവും താത്വികവും ചരിത്രപരവും ആത്മീയവുമായ പഠനങ്ങള്‍ക്കുള്ള അന്താരാഷ്‌ട്ര കേന്ദ്രമെന്ന വിശേഷണത്തോടെയാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ(ആസിയാന്‍) ഉച്ചകോടിയില്‍ നളന്ദയുടെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിടുന്നത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ നിര്‍മാണം വേഗത്തിലായി. 2014ല്‍ താത്കാലിക കേന്ദ്രത്തില്‍ 14 വിദ്യാര്‍ഥികളുമായി ആരംഭിച്ച കാമ്പസ് നിര്‍മാണം 2017ലാണ് തുടങ്ങിയത്.
ഭാരതത്തെ കൂടാതെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണേ ദാരുസ്സലാം, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മൗറീഷ്യസ്, മ്യാന്മര്‍, ന്യൂസീലാന്‍ഡ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്നാം രാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. 137 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല സ്‌കോളര്‍ഷിപ്പുകള്‍ നല്കുന്നു. ഇവയില്‍ ആസിയാന്‍-ഭാരത ഫണ്ട് മുഖേനയുള്ള സ്‌കോളര്‍ഷിപ്പുകള്‍, ബിംസ്റ്റെക് സ്‌കോളര്‍ഷിപ്പുകള്‍, വിദേശകാര്യ വകുപ്പിന്റെ ഭൂട്ടാന്‍ സ്‌കോളര്‍ഷിപ്പ് എന്നിവ ഉള്‍പ്പെടുന്നു.
ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ റിസര്‍ച്ച് കോഴ്സുകള്‍, ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ സര്‍വകലാശാലയിലുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ മാത്രം അഞ്ഞൂറിലേറെ വിദേശ വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ പഠിച്ചു മടങ്ങി.
2022-24, 2023-25ലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും 2023-27ലേക്കുള്ള പിഎച്ച്ഡി കോഴ്സുകളിലേക്കും പ്രവേശനം നേടിയവരില്‍ അര്‍ജന്റീന, ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ഘാന, ഇന്തോനേഷ്യ, കെനിയ, ലാവോസ്, ലൈബീരിയ, മ്യാന്മര്‍, മൊസാംബിക്ക്, നേപ്പാള്‍, നൈജീരിയ, റിപ്പബ്ലിക്ക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍, ശ്രീലങ്ക, സെര്‍ബിയ, സിയറ ലിയോണ്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, ഉഗാണ്ട, അമേരിക്ക, വിയറ്റ്നാം, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്.
രണ്ടായിരം ഇരിപ്പിടങ്ങളുള്ള 40 ക്ലാസ് മുറികളുമായി രണ്ട് അക്കാദമിക് ബ്ലോക്കുകള്‍, രണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, രണ്ട് ഓഡിറ്റോറിയങ്ങള്‍, വിദ്യാര്‍ഥി ഹോസ്റ്റലുകള്‍, അക്കാദമിക് റെസിഡന്‍ഷ്യല്‍ ഹൗസിങ്ങിന്റെ 197 യൂണിറ്റുകള്‍ എന്നിവ കാമ്പസില്‍ പൂര്‍ത്തിയായി. അതിഥി മന്ദിരം, ഒരേ സമയം ആയിരം പേര്‍ക്ക് ഉപയോഗിക്കാവുന്ന ഭക്ഷണശാല, രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്ന ആംഫി തിയേറ്റര്‍, യോഗ കേന്ദ്രം, സ്പോര്‍ട്സ് കേന്ദ്രം, മെഡിക്കല്‍ സെന്റര്‍, കൊമേഴ്സ്യല്‍ സെന്റര്‍, ഫാക്കല്‍ട്ടി ക്ലബ് എന്നിവയുമുണ്ട്.
Discussion about this post