ദക്ഷിണേഷ്യയിൽ സാധാരണയായി കാണപ്പെടുന്ന ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ഇന്ത്യൻ ബെയ്ൽ എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ഏഗിൽ മാർമിലോസ് (Aegle Marmelos) എന്നാണ്. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്. നൂറ്റാണ്ടുകളായി കൂവളത്തിന്റെ ഇലയും, വേരും, തൊലിയുമെല്ലാം മിക്ക ആയുര്‍വേദ ഔഷധങ്ങളിലെയും അനിവാര്യ ഘടകങ്ങളാണ്. അതില്‍ ഏറെ ഗുണകരമായ ഒന്നാണ് കൂവളത്തിന്റെ കായ്.
ഔഷധ ഗുണങ്ങൾക്കൊപ്പം പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ പഴങ്ങൾ പലപ്പോഴും ഉപയോഗശൂന്യമാണ് എന്നുകരുതി വലിച്ചെറിയപെടുന്നവയാണ്. തവിട്ട് നിറത്തിലുള്ള മാംസള ഭാഗത്തിന് മധുരവും പുളിയുമാണ്.
ഫിനോളിക്സ്, ആൽക്കലോയിഡുകൾ, കരോട്ടിനോയിഡുകൾ, അവോനോയിഡുകൾ, പെക്റ്റിനുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ടാന്നിൻസ്, ടെർപെനോയിഡുകൾ തുടങ്ങിയ എണ്ണമറ്റ ഫൈറ്റോകെമിക്കലുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ബെയ്ൽ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള മാർമെലോസിൻ, ഉദരരോഗങ്ങൾക്കുള്ള ഔഷധമാണ്.
കൂവളത്തിന്റെ കട്ടിയുള്ള തോട് നീക്കം ചെയ്ത ശേഷം ഉള്ളിലെ മാംസള ഭാഗം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിനുള്ളിലെ ജെൽ-ന്റെ രൂപത്തിലുള്ള കുരുക്കൾ കയ്പ്പുള്ളതായതിനാൽ അവയും ശ്രദ്ധിച്ചു നീക്കം ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്, കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക. അതിനുശേഷം അരിച്ചെടുത്ത് ആവശ്യമെങ്കിൽ പഞ്ചസാര ചേർത്ത് കുടിക്കാം.
വാതം, കഫം, ഛർദ്ദി, അതിസാരം എന്നിവക്ക് ഉത്തമമായ പ്രതിവിധിയാണ് കൂവളത്തിന്റെ ജ്യൂസ് എന്നും പറയപ്പെടുന്നു.
സംഭരണ കാലാവധി വളരെ കുറവായ കൂവള പഴം ഉണക്കി പൊടിച്ച് കൂടുതൽ കാലം സൂക്ഷിച്ചുവെക്കാൻ സാധിക്കും.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ വിവിധയിനം കൂവളം കൃഷിചെയ്യുന്നുണ്ട്.
Discussion about this post