കൊച്ചി: ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ വികലമാക്കിയാണ് കേരളത്തില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ രൂപീകരിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പലതും ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണ്. അടിമുടി അവ്യക്തത സൃഷ്ടിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തിലെ നാല് വര്‍ഷ ബിരുദ പ്രോഗ്രാമില്‍ നിന്നും ഭാരതീയവിജ്ഞാന സങ്കേതങ്ങളെ ഒഴിവാക്കി നിര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണ്.
ഭാരതീയമായതെല്ലാം അന്ധവിശ്വാസവും അബദ്ധജടിലവുമാണ് എന്ന മുന്‍വിധിയോടുള്ള ഈ പ്രസ്താവന ദുരുപദിഷ്ടമാണ്. പ്രീണനത്തിന്റെ ഭാഗമാണ് ഇതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ചൂണ്ടിക്കാട്ടി.
ദേശീയവും അന്തര്‍ദേശീയവുമായ അക്കാദമിക, ഗവേഷണ മേഖലകളില്‍ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ലഭിക്കുന്ന സ്വീകാര്യത കേരള സര്‍ക്കാരിന് അറിയാത്തതല്ല. ദേശീയബോധവും ദേശാഭിമാനവുമുള്ള യുവസമൂഹം വളര്‍ന്നു വന്നാല്‍ അത് ശിഥിലീകരണം ശീലമാക്കിയ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് ഭീഷണിയാകും എന്നാണ് ഈ നയത്തിന് പിന്നില്‍. ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Discussion about this post