കോഴിക്കോട്: യശ്ശശരീരനായ പ്രമുഖ പത്രപ്രവർത്തകൻ പിവികെ നെടുങ്ങാടിയുടെ സ്മരണാർത്ഥം വിശ്വ സംവാദ കേന്ദ്രം – കോഴിക്കോട് നൽകുന്ന യുവ മാധ്യമപ്രവർത്തകർക്കുള്ള അവാർഡിന് ജനം ടി.വി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജ് അർഹനായി. വന്യമൃഗ ശല്യത്തെ ആസ്പദമാക്കി ജനം ടി.വി യിൽ മനോജ് ചെയ്ത സ്റ്റോറിയാണ് അവാർഡിന് അർഹത നേടിയത്. Rs.11111(പതിനൊന്നായിരത്തി നൂറ്റി പതിനൊന്ന്) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.പ്രമുഖ മാധ്യമപ്രവർത്തകരായ ഹരീഷ് കടയപ്രത്ത്, അനു നാരായണൻ,വിനോദ് കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂലായ് 1 ന് (തിങ്കൾ) രാവിലെ 10.30 ന് ചാലപ്പുറം കേസരി ഭവനിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ നോവലിസ്റ്റും മലയാള മനോരമ സീനിയർ അസി. എഡിറ്ററുമായ രവിവർമ്മ തമ്പുരാൻ അവാർഡ് സമ്മാനിക്കും. മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്റർ തറമ്മിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജന്മഭൂമി ന്യൂസ് എഡിറ്ററും എഴുത്തുകാരനുമായ എം. സതീശൻ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമപ്രവർത്തകരായ എം.ബാലഗോപാൽ, സി.എം കൃഷ്ണ പണിക്കർ എന്നിവരെ ആദരിക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ് കോം) ഡയറക്ടർ എ. കെ അനുരാജ്, വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
Discussion about this post