ന്യൂദല്‍ഹി: വനവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പട്ടിക വര്‍ഗ കമ്മിഷന് വനവാസി കല്യാണാശ്രമം പ്രതിനിധി സംഘം നിവേദനം നല്കി. കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇരുപത്തഞ്ചംഗ സംഘമാണ് പുതുതായി നിയമിതനായ പട്ടിക വര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ അംതര്‍സിങ് ആര്യയെയും കമ്മിഷന്‍ അംഗങ്ങളെയും സന്ദര്‍ശിച്ചത്.
വനവാസി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് കല്യാണാശ്രമം ചെയ്തുപോരുന്ന പ്രവര്‍ത്തനങ്ങള്‍ കമ്മിഷന്‍ അംഗങ്ങളോട് പ്രതിനിധി സംഘം വിശദീകരിച്ചു. രാജ്യത്ത് 17,394 സ്ഥലങ്ങളിലായി കല്യാണാശ്രമം നടത്തുന്ന 22,152 പ്രോജക്ടുകള്‍ സത്യേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ഗ്രാമവികസനം, സാമ്പത്തിക ശാക്തീകരണം, ആരോഗ്യം, കായികം, ഗോത്ര വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാമെന്ന ആശയവും സംഘം മുന്നോട്ടുവച്ചു.
ചെയര്‍മാന്‍ അംതര്‍സിങ് ആര്യ, അംഗങ്ങളായ ഡോ. ആശാ ലക്ര, നിരുപം ചക്മ, ജതോത്തു ഹുസൈന്‍ എന്നിവരുമായാണ് പ്രതിനിധിസംഘം ചര്‍ച്ച നടത്തിയത്. പുതിയതായി നിയമിതരായ കമ്മിഷനെ സത്യേന്ദ്രസിങ് ആദരിച്ചു. വനവാസി സമൂഹത്തിന്റെ തനിമയുടെ സംരക്ഷണം, അതിജീവനം, വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കല്യാണാശ്രമത്തിന്റെ സഹായത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അംതര്‍ സിങ് ആര്യ ഉറപ്പ് നല്കി.
Discussion about this post