ന്യൂദല്‍ഹി: ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. പുലര്‍ച്ചെ 12.10-ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമിത് ഷാ അറിയിച്ചു.
രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് ഛത്തീസ്ഗഢിലാണ്. കബീര്‍ധാം ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 12.30-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് പുലര്‍ച്ചെ 1.57-നാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്‌ഐആര്‍ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
Discussion about this post