ന്യൂദല്‍ഹി: പകലിന്റെ ആദ്യപകുതിയില്‍ ജഗന്നാഥസാഗരം, സായാഹ്നത്തില്‍ മഹാസാഗരതീരം… ആത്മീയാനുഭൂതി നുകര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇളം കാറ്റ്… തിരമാലകളുടെ ഇരമ്പല്‍, മുന്നില്‍ വിശാലമായ കടല്‍പരപ്പ്, അകം നിറയെ ജഗന്നാഥ കൃപ…. ധ്യാനാനുഭൂതിയുടെ നിറവിലാണ് ഞാന്‍….. ജഗന്നാഥപുരിയിലെ രഥയാത്രയില്‍ പങ്കെടുത്തതിന് ശേഷം കടല്‍ത്തീരം സന്ദര്‍ശിച്ചതിന്റെ അനുഭവം പങ്കിട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു. കടപ്പുറത്തുനിന്നുള്ള ദൃശ്യങ്ങളും രാഷ്ട്രപതി പങ്കുവച്ചു.
ജയ് ജഗന്നാഥ് എന്ന് ആമുഖമായി കുറിച്ചാണ് രഥയാത്രയുടെ അനുഭൂതി രാഷ്ട്രപതി കുറിച്ചത്. ഭഗവാന്‍ ബലഭദ്രന്റെയും സുഭദ്രയുടെയും മഹാപ്രഭു ജഗന്നാഥന്റെയും രഥങ്ങള്‍ ഒഴുകിനീങ്ങുന്നതിന്റെ ആനന്ദം അനേകായിരം ഭക്തര്‍ക്കൊപ്പം ഞാനും അനുഭവിച്ചു. ഞാനെന്നെ മറന്നു. പരമമായ ശക്തി അനുഭവിക്കാന്‍ കഴിയുന്ന അവസരമാണിത്. ജഗന്നാഥന്റെ അനുഗ്രഹത്താല്‍ ലോകമെമ്പാടും സമാധാനവും ഐക്യവും ഉണ്ടാകട്ടെ, രാഷ്ട്രപതി കുറിച്ചു.
കടല്‍പ്പുറത്ത് ചെലവഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച രാഷ്ട്രപതി പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകളാണ് എക്‌സില്‍ കുറിച്ചത്. പര്‍വതങ്ങള്‍, നദികള്‍, കാടുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ നമ്മളും പ്രകൃതിയുടെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു, കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ ഈ പ്രകൃതിയുമായുള്ള ബന്ധം ആഴത്തില്‍ അനുഭവപ്പെടുന്നു. ഇതൊരു ധ്യാനാനുഭവമാണ്.
ജോലിത്തിരക്കിനിടയില്‍ പ്രകൃതിയുമായുള്ള ബന്ധം നമുക്ക് നഷ്ടമാകുന്നു. ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുകയാണ്. അതിന്റെ ഫലമാണ് നാം അനുഭവിച്ച കൊടുംചൂടിന്റെ കൊടുങ്കാറ്റ്. വരും ദശകങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നതാണ് സാഹചര്യം. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നു, തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള അപകടമുണ്ട്. മലിനീകരണം സമുദ്രങ്ങള്‍ക്കും സസ്യ-ജന്തുജാലങ്ങളുടെ സമൃദ്ധമായ വൈവിധ്യത്തിനും വലിയ നാശമാണ് വരുത്തിയത്.
ഭാഗ്യവശാല്‍, പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിക്കുന്ന ആളുകള്‍ നമുക്ക് വഴി കാണിക്കാനുതകുന്ന പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. നോക്കൂ, തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് കാറ്റിന്റെയും തിരമാലകളുടെയും ഭാഷ അറിയാം. അവര്‍ കടലിനെ ദൈവമായി ആരാധിക്കുന്നു. പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെ മറികടക്കാന്‍ സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സമഗ്രമായ നടപടികള്‍ കൈക്കൊള്ളണം. പൗരന്മാര്‍ ഇതില്‍ സഹകരിക്കണം, ദ്രൗപദി മുര്‍മു പറഞ്ഞു.
Discussion about this post