പുരി: സ്വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച് ജഗന്നാഥനും ബലരാമനും സുഭദ്രയും ഭക്തര്‍ക്ക് ദര്‍ശനമരുളി. മാതൃസഹോദരിയായ ഗുണ്ടിച്ചാദേവിയുടെ വീട്ടിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ജഗന്നാഥപുരിയിലേക്ക് മൂന്ന് രഥത്തിലേറി മടങ്ങിയെത്തിയ ദേവതകളെ വരവേല്ക്കാന്‍ വ്രതനിഷ്ഠരായി ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്ന രഥോത്സവം ഇക്കുറി ലോകത്തിനാകെ വിസ്മയപൂരമായി.
ബുധനാഴ്ച വൈകിട്ടായിരുന്നു ഭഗവാന്‍ ജഗന്നാഥന്റെയും ബലഭദ്രന്റെയും ദേവി സുഭദ്രയുടെയും സ്വര്‍ണ വസ്ത്രമായ ‘സുനഭേശ’ ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ പുരിയില്‍ ഒത്തുകൂടിയത്. 208 കിലോയിലധികം സ്വര്‍ണാഭരണങ്ങളാണ് ദേവതാബിംബങ്ങളെ അലങ്കരിച്ചിരുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തില്‍ മടങ്ങിയെത്തിയ രഥങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിലെ സിംഹദ്വാറിന് മുന്നില്‍ ഭക്തദര്‍ശനത്തിനായി സ്ഥാപിച്ചിരിക്കുകയാണ്. ‘സുനഭേശ’ ദര്‍ശിക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പുരിയില്‍ ഒരുക്കിയിരിക്കുന്നത്.
ശ്രീമുകുട (കിരീടം), മയൂര്‍ചന്ദ്രിക (മയില്‍പ്പീലി), കുണ്ഡലങ്ങള്‍, ശ്രീരാഹുരേഖ (പ്രഭാവലയം), മാലകള്‍ എന്നിവയ്‌ക്ക് പുറമേ വസ്ത്രങ്ങളും കൈകാലുകളിലെ ആഭരണങ്ങളുമെല്ലാം സ്വര്‍ണത്തിലുള്ളവയാണ്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് ദേവതാബിംഭബങ്ങളെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചത്. ക്ഷേത്രപരിസരത്തെ താത്കാലിക സ്ട്രോങ് റൂമില്‍ നിന്ന് കനത്ത സുരക്ഷയ്‌ക്കിടയില്‍ ആഭരണങ്ങള്‍ രഥത്തിലെത്തിച്ചത്.
രത്നഭണ്ഡാരത്തിന്റെ പുറത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ രത്നഭണ്ഡാരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ 14ന് ക്ഷേത്രം അധികൃതര്‍ താത്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള രഥയാത്ര മടങ്ങിയെത്തി ഒരു ദിവസത്തിന് ശേഷമാണ് രാജാധിരാജ വേഷവിധാനം എന്നറിയപ്പെടുന്ന സുനാഭേഷ നടക്കുന്നത്.
Discussion about this post