സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി സേവാഭാരതി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആപത് ഘട്ടങ്ങളിലും, അല്ലാതെയും സമസ്‌ത മേഖലകളിലും സേവാഭാരതി, സമാജത്തിലെ സജ്ജനങ്ങളെ ചേർത്ത് പ്രവർത്തിയ്ക്കുന്നത് കേരളീയ സമൂഹത്തിന് ബോധ്യമുള്ളതാണ്. സേവനപ്രവർത്തനങ്ങളുടെ പട്ടികയിലെ ഒരു ഘട്ടത്തിലേക്ക് കൂടി സേവാഭാരതി പ്രവേശിക്കുകയാണ്.
മനുഷ്യ ജീവന് ജീവിതകാലവും തലമുറയ്ക്കായും സ്വന്തമായി അല്പ്പം ഭൂമിയും, ഭവനവും യാഥാർഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം. അതിനാൽ അതിനെ ശ്രേഷ്ഠദാനം എന്ന് കരുതുന്നു. ദേശീയ സേവാഭാരതി കേരളം ഭൂമിയായും, ഭവനമായും രണ്ടും ഒരുമിച്ച് നൽകിയും ഈ സദ്കർമ്മം വർഷങ്ങളായി ഉദാരമതികളുടെ സഹകരണത്തോടെ നടത്തി കൊണ്ടിരിക്കുകയാണ് . ഇതുവരെ ഭൂദാനം പദ്ധതി പ്രകാരം 8 ജില്ലകളിലായി 4 ഏക്കർ ഭൂമി 83 നിർദ്ധന കുടുംബങ്ങൾക്കായി തയ്യാറായി കൊണ്ടിരിക്കുന്നു. ഭൂദാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന വേളയിൽ സേവാഭാരതി, കോട്ടയം ജില്ലയിൽ 2.86 ഏക്കർ ഭൂമി 47 നിർദ്ധന കുടുംബങ്ങൾക്ക് സമർപ്പിയ്ക്കുകയാണ്. ഇതുവരെ തയ്യാറായിട്ടുള്ള മറ്റു ജില്ലകളിലെ ഭൂമി, സംസ്ഥാനത്തൊട്ടാകെ നടക്കുന്ന, ജില്ലാതല ഭൂദാനം തുടർ പരിപാടികളിൽ വെച്ച് കുടുംബങ്ങൾക്ക് സമർപ്പിക്കുന്നതാണ്. സംസ്ഥാനതല ഉദ്‌ഘാടനത്തിന് ശേഷം വരും നാളുകളിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഭൂദാന പരിപാടികൾ നടത്തുവാൻ ദേശീയ സേവാഭാരതി തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ പ്രവർത്തനം തദ്ദേശീയമായി സേവാഭാരതിയിലൂടെ നടന്നു വരാറുണ്ടെങ്കിലും ഒരു തുടർ പ്രക്രിയ എന്ന രീതിയിൽ സമൂഹത്തിൽ അവതരിപ്പിച്ചപ്പോൾ അനേകം വ്യക്തികളാണ് അവരുടെ ഭൂമി അർഹരായവർക്ക് നൽകുവാനുള്ള ഉത്തരവാദിത്വം സേവാഭാരതിയെ ഏല്പിച്ചത്. സമൂഹത്തിലെ വ്യക്തികൾക്കും സംഘടനകൾക്കും ഈ ചെറിയ തുടക്കത്തിലുടെ ഭൂദാനം എന്ന മഹാദാനത്തിന് പ്രേരണയും പ്രചോദനവും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിൽ ഇതിനോടകം ഭൂമി കൈവശമുള്ള 826 നിർദ്ധന കുടുംബങ്ങൾക്ക് തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവന നിർമ്മാണം പൂർത്തീകരിച്ചു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സഹകരണത്തോടെ ദേശീയ സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതി മൂലം1000 വീട് നിർമ്മാണം ലക്ഷ്യം വച്ചിരിക്കുന്നു. പ്രസ്‌തുത സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ 14 ജില്ലകളിലായി 100 വീടുകൾ നിർമ്മിക്കുവാനുള്ള ആരംഭിയ്ക്കുവാൻ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുകയാണ്.
നിർദ്ധന കുടുംബങ്ങൾക്ക് ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഉദാരമതികളായ ഭൂവുടമകളുടെ സമർപ്പണത്തിലൂടെ നടക്കുന്ന സംസ്ഥാനതല ഉദ്‌ഘാടന പരിപാടിയായ ഭൂദാനം – ശ്രേഷ്ഠദാനം പരിപാടി 2024 ജൂലായ് 20 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോട്ടയം ശാസ്ത്രി റോഡിലുള്ള KPS മേനോൻ ഹാളിൽ വച്ച് ബഹുഃ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനകർമ്മം നിർവ്വഹിക്കും. പ്രസ്‌തുത യോഗത്തിൽ റിട്ട. ജസ്റ്റിസ് പത്ഭൂഷൺ കെ. ടി തോമസ്, മുതിർന്ന പ്രചാരകന്മാരായ ശ്രീ. എസ് സേതുമാധവൻ, ശ്രീ. രാമനുണ്ണി, ശ്രീ ജയരാജ് ആർ (സിനിമ സംവിധായകൻ), ശ്രീ. പി. പി പദ്മനാഭൻ (വിഭാഗ് സംഘചാലക് രാഷ്ട്രീയ സ്വയംസേവക് സംഘം), ഡോ. പി ബാലചന്ദ്രൻ മന്നത്ത് (രക്ഷാധികാരി, ദേശീയ സേവാഭാരതി കേരളം) ഡോ. രഞ്ജിത്ത് വിജയഹരി (അദ്ധ്യക്ഷൻ, ദേശീയ സേവാഭാരതി കേരളം) ഡോ. ശ്രീറാം ശങ്കർ (ജനറൽസെക്രട്ടറി, ദേശീയ സേവാഭാരതി കേരളം), ഡോ. ഇ. പി കൃഷ്‌ണൻ നമ്പൂതിരി (ഉപാദ്ധ്യക്ഷൻ ദേശീയ സേവാഭാരതി കേരളം) ദേശീയ സേവാഭാരതിയുടെ സംസ്‌ഥാന ഭാരവാഹികൾ, ജില്ലയിലെ പ്രധാന വ്യക്തിത്വങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ, തുടങ്ങി നിരവധി പ്രമുഖന്മാർ പങ്കെടുക്കും.
Discussion about this post