പൂനെ: ഭാരതീയ വിജ്ഞാനം ലോകത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ പ്രാപ്തമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . പൂർവിക പരമ്പരയിൽ നിന്ന് തലമുറകളിലൂടെ പകർന്നു കിട്ടിയതാണ് നമ്മുടെ വിജ്ഞാനം. അത് ജ്ഞാനത്തിൻ്റെയും ഭക്തിയുടെയും കർമ്മത്തിൻ്റെയും ത്രിവേണീ സംഗമമാണ്, അദ്ദേഹം പറഞ്ഞു. ക്ഷേത്ര, വിഗ്രഹ നിർമിതിയുടെ തത്വവും ശാസ്ത്രവും വിശദമാക്കുന്ന ഡോ. ദേഗ്ലൂക്കറിൻ്റെ അഥാതോ ബിംബ ജിജ്ഞാസ എന്ന പുസ്തകത്തിൻ്റെ മറാഠി പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഋഷി പരമ്പരയുടെ സന്ദേശമാണ് ഡോ. ദേഗ്ലൂക്കർ പങ്കുവയ്ക്കുന്നതെന്ന് സർസംഘചാലക് ചൂണ്ടിക്കാട്ടി. ഭാരതത്തിൽ മൂർത്തി പൂജ സാകാരമാധ്യമത്തിലൂടെ നിരാകാര ബ്രഹ്മത്തെ സാക്ഷാത്കരിക്കാനുള്ള മാർഗമാണ്. ഓരോ ബിംബത്തിൻ്റെയും നിർമ്മിതിക്ക് പിന്നിൽ ശാസ്ത്രമുണ്ട്, കേവല ബുദ്ധിയ്ക്കപ്പുറം ഭാവവും അനുഭൂതിയുമുണ്ട്. കാണുന്നത് അനുഭവവേദ്യമാകുന്നതിന് പിന്നിൽ ഈ ഭാവമാണ്, വിശ്വാസമാണ്. ഭൗതികവാദികൾക്ക് ഇത് അറിയണമെന്നില്ല, മോഹൻ ഭാഗവത് പറഞ്ഞു.
ബാലശിക്ഷൺ സൻസ്ഥാ സഭാ ഗൃഹത്തിൽ ചേർന്ന പ്രകാശന സമ്മേളനത്തിൽ ഡോ. ഗോ. ബം. ദേഗ്ലൂക്കർ, പരിഭാഷൻ അശുതോഷ് ബാപട്, സ്നേഹൻ പ്രകാശൻ മാനേജർ രവീന്ദ്ര ഘാട്പാംഡേ എന്നിവരും സംബന്ധിച്ചു.
Discussion about this post