ഭോപാല്‍: അവകാശങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള അവസരമാക്കി മാറ്റിയ സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘ് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ദേശത്തിനും ലോകത്തിനും വേണ്ടി ചിന്തിക്കുന്ന തൊഴിലാളി സമൂഹത്തെയാണ് ബിഎംഎസ് വളര്‍ത്തിയത്. ഇടത് സംഘടനകള്‍ വര്‍ഗസംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സമന്വയത്തിന്റെ കുടുംബഭാവന തൊഴിലാളികളില്‍ സൃഷ്ടിക്കുകയാണ് ബിഎംഎസ് ചെയ്തത്, സര്‍കാര്യവാഹ് പറഞ്ഞു. ഭോപാല്‍ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികവും സാമ്പത്തികവുമായ വെല്ലുവിളികളില്‍ നിന്ന് തലമുറകളെ മോചിപ്പിക്കുന്ന പ്രവര്‍ത്തനം ബിഎംഎസ് ഏറ്റെടുക്കണം. അതിപുരോഗമനവാദത്തിന്റെ മറ പിടിച്ച് കള്‍ച്ചറല്‍ കമ്മ്യൂണിസ്റ്റുകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന് മേല്‍ അവമതിപ്പ് സൃഷ്ടിക്കുന്നു. മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്നു. മനുഷ്യകുലത്തെയാകെ സംഘടിപ്പിച്ച് ഒന്നെന്ന ഭാവം എല്ലാവരിലും സൃഷ്ടിക്കണം. തൊഴിലാളി യന്ത്രത്തിന്റെ അടിമയല്ല, യന്ത്രം തൊഴിലാളിയുടെ സേവകനാകണം. വികലമായ വികസനരീതികളല്ല, പ്രകൃതിയെ സംരക്ഷിക്കുന്ന ഭാവാത്മകമായ വികസനമാതൃകകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
രാഷ്ട്രഹിതത്തിന് വേണ്ടി സ്വാര്‍ത്ഥത്തെ ബലി കഴിക്കുന്ന ഭാരതീയ ഭാവമാണ് ദത്തോപന്ത് ഠേംഗ്ഡി ബിഎംഎസിലൂടെ മുന്നോട്ടുവച്ചത്. 1920ല്‍ സ്വാതന്ത്ര്യസമരകാലത്ത് ആഗോള സാമ്പത്തിക സാമ്രാജ്യവാദത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ പ്രമേയം ആവശ്യമാണെന്ന് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ പറഞ്ഞു. ബിഎംഎസിന്റെ ബീജം ഈ പ്രസ്താവത്തിലുണ്ട്. ഭാരതം സ്വതന്ത്രമാകുന്നത് ലോകത്തിന്റെ മംഗളത്തിന് വേണ്ടിയാണ്. ബിഎംഎസ് ലോകത്തെ മുന്‍നിര്‍ത്തിയാണ് അതിന്റെ ആശയവിചാരധാര മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിന്റെ അടയാളമാണ് സംഘടനയോടോനുബന്ധിച്ച് ആരംഭിച്ച സര്‍വപന്ഥ് സമാദാര്‍ മഞ്ചും പര്യാവരണ്‍ മഞ്ചും തൊഴിലാളികള്‍ അവരവരുടെ വീടിനുള്ളില്‍ വ്യത്യസ്ത സമ്പ്രദായങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാകും. എന്നാല്‍ തൊഴിലിടങ്ങളില്‍ അവരൊന്നാണ്. ഈ കാഴ്ചപ്പാടിലൂന്നിയ പ്രവര്‍ത്തനമാണ് ബിഎംഎസ് മുന്നോട്ടുവയ്ക്കുന്നത്.
സംഘടനയ്ക്ക് കാരണമായിത്തീര്‍ന്ന ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല എന്ന പ്രതിജ്ഞയാണ് എഴുപതാം വര്‍ഷത്തില്‍ ഓരോരുത്തരും എടുക്കേണ്ടത്. ചോരയും വിയര്‍പ്പുമൊഴുക്കി സംഘടനയെ വളര്‍ത്തിയവരോട് കൃതജ്ഞതയുള്ളവരാകണം. ലോകത്തെ ഏറ്റവും വലിയ സംഘടനയാണെന്നത് ആഹ്ലാദകരമാണ്, എന്നാല്‍ അതേ സമയം സമാജത്തോടും രാഷ്ട്രത്തോടുമുള്ള കര്‍ത്തവ്യത്തെക്കുറിച്ച് സദാ ജാഗരൂകരാകാണം. സമന്വയത്തിന്റെ കുടുംബഭാവം വര്‍ത്തമാനകാലത്തിന് പകരാന്‍ സാധിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്മയ് പാണ്ഡ്യ അധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന തൊഴില്‍ മന്ത്രി പ്രഹ്ലാദ് പട്ടേല്‍, ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ഉപാധ്യക്ഷ നീതാ ചൗബെ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post