തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 93 ആയി. 45 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. മേപ്പാടി ഹെൽത്ത് സെന്ററിൽ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധയിടങ്ങളിലായി 250 പേർ കുടുങ്ങി കിടക്കുന്നതായി സർക്കാർ അറിയിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചു. നിരവധി വീടുകൾ മണ്ണിനടിയിലാണ്. സൈന്യവും ഫയർഫോഴ്‌സും ദുരന്തനിവാരണസേനയും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
പങ്ങോട് സൈനിക കേന്ദ്രത്തിലെ 23 മറാത്ത റെജിമെന്റിലെ ക്യാപ്റ്റൻ തുഷാറിന്റെയും 2 മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ സൗരഭിന്റെ നേതൃത്വത്തിലുമുള്ള 130 സൈനികർ ചൂരൽമലയിലെത്തും. പരാമവധി സൈനികരെ എയർഫോഴ്‌സിന്റെ ഹെലിക്കോപ്റ്ററിൽ കോഴിക്കോട് എത്തിക്കും. അവിടെ നിന്ന് കരമാർഗം ദുരന്തഭൂമിലെത്തും.
Discussion about this post