ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജിയാവശ്യപ്പെട്ട് എബിവിപിയുടെ രാജ്യവ്യാപക പ്രതിഷേധം. രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
ദല്‍ഹിയിലെ ബംഗാ ഭവനിലേക്ക് നടത്തിയ മാര്‍ച്ച് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല ഉദ്ഘാടനം ചെയ്തു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലുണ്ടായ സംഭവം ഹൃദയഭേദകമാണ്. സ്ത്രീകള്‍ക്ക് അവരുടെ ജോലിസ്ഥലത്തുപോലും സുരക്ഷ ഉറപ്പാക്കാന്‍ മമത സര്‍ക്കാരിന് ആവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സ്ത്രീ ഭരണത്തിന് നേതൃത്വം നല്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. സന്ദേശ്ഖാലിയിലുള്‍പ്പെടെ അതാണ് കണ്ടത്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിലും മമത സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട മെഡിക്കല്‍ കോളജിനുനേരെയുണ്ടായ അക്രമവും തെളിവുനശിപ്പിക്കലും മമതാ സര്‍ക്കാരിന്റെ പരാജയം വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാനാണ് മമത ബാനര്‍ജി ആഗ്രഹിക്കുന്നതെന്ന് എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമവും പോലീസിന്റെ മൗനവും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയെ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ ജോലിസ്ഥലങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജോ. സെക്രട്ടറി ആശിഷ് കുമാര്‍ സിങ്, ദല്‍ഹി യൂണി വേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ സെക്രട്ടറി അപരാജിത, ജോയിന്റ് സെക്രട്ടറി സച്ചിന്‍ ബെയ്സ്ല എന്നിവര്‍ നേതൃത്വം നല്കി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ ദേശീയ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.
Discussion about this post