ഗുരുവായൂർ: രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഭരണഘടന അനുശാസിക്കുന്ന സംവരണ നയങ്ങളിൽ വെള്ളം ചേർത്ത നടപടി തെറ്റാണെന്നും സംവരണം ഹിന്ദു പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് തന്നെ നിലനിർത്താനുള്ള നടപടികൾ തുടരണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാർഷിക യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ രണ്ടു ദിവസമായി നടന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാർഷിക യോഗമാണ് പ്രമേയത്തിൽ കൂടി ഈ കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടത്. മുസ്ലിം വിഭാഗത്തിലെയും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെയും ആൾക്കാർക്ക് സംവരണം നൽകുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊടുത്ത ഭരണഘടനയുടെ തത്വങ്ങൾക്ക് ഈ നയം എതിരാണെന്നും ഇനിയും അത്തരത്തിലുള്ള മതപരമായ സംവരണ ആനുകൂല്യങ്ങൾ തുടരരുതെന്നും യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടെ രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് അനർഹമായ സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ അവസാനിപ്പിച്ച് ഹൈന്ദവ വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായ സംവരണം ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനുള്ള നടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹൈന്ദവ സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് ശാശ്വതമായ അവസാനവും പരിഹാരവും ഉടൻ കണ്ടെത്താൻ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയും നടപടികൾ സ്വീകരിക്കണമെന്നും മറ്റൊരു പ്രമേയത്തിൽ കൂടി യോഗം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി നടന്ന സംസ്ഥാന വാർഷിക യോഗം നാമജപ ഘോഷയാത്രയോടു കൂടിയാണ് ആരംഭിച്ചത്. തുടർന്നു നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഷഷ്ടിപൂർത്തി സമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
സ്വാമി വിവിക്താനന്ദ സരസ്വതി,സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി തുടങ്ങിയ പ്രമുഖ സംന്യാസി ശ്രേഷ്ഠന്മാർ യോഗത്തിൽ പങ്കെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിൻ്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ ജോയിൻ്റ് സെക്രട്ടറിമാരായ നാഗരാജ് , വെങ്കിടേഷ് ,ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ തുടങ്ങിയവർ വാർഷിക യോഗ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം പ്രതിനിധികൾ സംസ്ഥാന വാർഷിക യോഗത്തിൽ പങ്കെടുത്തു
Discussion about this post