കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിനാലാമത്തെ തപസ്യ സഞ്ജയൻ പുരസ്കാരം പ്രസിദ്ധ ചരിത്രപണ്ഡിതനയ ഡോ എം ജി എസ് നാരായണന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത സാഹിത്യകാരന്മാരായ ആഷാമേനോൻ , പി ആർ നാഥൻ, തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ പി ജി ഹരിദാസ് എന്നിവരടങ്ങിയ പുരസ്കാര നിർണയന സമിതിയാണ് ഡോ എം ജി എസ് നാരായണന് സഞ്ജയൻ പുരസ്കാരം നൽകുവാൻ തീരുമാനമെടുത്തത്.
ചരിത്രപഠനത്തിൻ്റെ മേഖലയിൽ ഡോ. എം ജി എസ് നാരായണൻ നൽകിയ സംഭാവനകൾ ഏറെ മൂല്യവത്താണെന്ന് പുരസ്കാരനിർണയന സമിതി അഭിപ്രായപ്പെട്ടു. കേരളചരിത്രത്തിന്റെയും ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെയും ഭാരത ചരിത്രത്തിന്റെയും വിശാല മണ്ഡലങ്ങളിൽ ആധുനികമായ കാഴ്ചപ്പാടോടെയും ഗവേഷണ ബുദ്ധിയോടെയും അക്കാദമിക കൃത്യതയോടെയും ഡോ എം ജി എസ് നാരായണൻ നടത്തിയ പഠനങ്ങൾ സത്യസന്ധമായ ചരിത്രാ ന്വേഷണത്തിന് ദിശാദർശനം നൽകുന്നതാണെന്നും പുരസ്കാരനിർണയന സമിതി വിലയിരുത്തി. കലാസാഹിത്യപഠന മേഖലകളിലെ ഡോ എം ജി എസ് നാരായണൻ്റെ സംഭാവനകളും ആദരവർഹിക്കുന്നു. സഞ്ജയൻ്റെ സാമൂഹിക വീക്ഷണവും അഭിപ്രായധീരതയും ഡോ എം ജി എസ്സിൻ്റെ പഠനങ്ങളിലും വാക്കുകളിലും പൊതു വീക്ഷണങ്ങളിലും ഭാവാത്മകമായി പ്രതിഫലിക്കുന്നതായും പുരസ്കാരനിർണയനസമിതി ഐക്യകണ്ഠ്യേന അഭിപ്രായപ്പെട്ടു.
2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച 5 മണിക്ക് ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള കോഴിക്കോട് മലാപ്പറമ്പ് ഹൗസിംഗ് കോളനി ( എം. എച്ച്.സി ഹാൾ ) ഓഡിറ്റോറിയത്തിൽ വെച്ച് തപസ്യ സഞ്ജയൻ പുരസ്കാരം ഡോ എം ജി എസ് നാരായണന് സമ്മാനിക്കും. സഞ്ജയൻ സാഹിത്യ സിം ബോസിയവും ഇതോടനുബന്ധിച്ച് നടക്കും. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരായ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
Discussion about this post