ന്യൂദൽഹി: നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നിടത്ത് മാത്രമേ സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും സാധ്യമാകൂവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ തന്നെ സന്ദർശിച്ച ഐപിഎസ് പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ക്രമസമാധാനം പാലിക്കാതെയും നീതി ഉറപ്പാക്കാതെയും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാതെയും പുരോഗതി എന്നത് അർത്ഥശൂന്യമായ ഒരു പദമായി മാറുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ഉയർത്തിക്കാട്ടിയ അവർ അതിനെതിരെ പോരാടുന്നതിന് നിരവധി തലങ്ങളിൽ നടപടി ആവശ്യമാണെന്നും ആദ്യ പ്രതികരണം പോലീസ് സേനയിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കി.
ഈ കേസുകളിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അസാധാരണമായ സംവേദനക്ഷമതയും ഇരയോട് സഹാനുഭൂതിയും നീതി ഉറപ്പാക്കാനുള്ള ദൗത്യത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും ഉണ്ടാകണമെന്നും അവർ പറഞ്ഞു. കൂടാതെ ക്രമസമാധാനം ഭരണത്തിന്റെ അടിസ്ഥാന ശില മാത്രമല്ല ആധുനിക ഭരണകൂടത്തിന്റെ അടിസ്ഥാനം കൂടിയാണെന്ന് അവർ പറഞ്ഞു.
ഉദ്യോഗസ്ഥർ കാര്യക്ഷമമുള്ളവരും അവർ സഹാനുഭൂതിയും നിർഭയവും സൗഹൃദപരവും ആയിരിക്കണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ഇതിനു പുറമെ വരും വർഷങ്ങളിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ രാജ്യം ലക്ഷ്യമിടുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം കൂടുതൽ നിർണായകമാകുമെന്ന് മുർമു പറഞ്ഞു.
കൂടാതെ സാങ്കേതിക വിദഗ്ധരായിരിക്കാനും കുറ്റവാളികളെക്കാൾ ഒരു പടി മുന്നിൽ നിൽക്കാനും അവർ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഐപിഎസിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിച്ചതിൽ രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 188 പേരുട ഈ ബാച്ചിൽ 54 വനിതാ ഓഫീസർമാർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.
കൂടാതെ യോഗ തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നും മാനസികാരോഗ്യം അവഗണിക്കരുതെന്നും അവർ ഉദ്യോഗസ്ഥരെ ഉപദേശിച്ചു.
Discussion about this post