ഗോരഖ്പൂര്‍: ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ ജീവിതവും ഭരണവും എല്ലാക്കാലത്തും പ്രസക്തമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതമാകെ സ്വാധീനം ചെലുത്തിയ ഭരണാധികാരിയായി ദേവി അഹല്യയുടെ വളര്‍ച്ച ലോകത്താകെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃകയാണ്. ജനക്ഷേമവും സാംസ്‌കാരിക ഉന്നമനവും രാഷ്ട്രസുരക്ഷയും ഒരേ പോലെ ഉറപ്പാക്കിയാണ് ലോകമാതാ മാള്‍വ ഭരിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം ധ്യേയമാര്‍ഗ് വാരികയുടെ പ്രത്യേകപതിപ്പായി പുറത്തിറക്കിയ പുണ്യശ്ലോക അഹല്യബായ് ഹോള്‍ക്കര്‍ രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ത്തും ഗ്രാമീണ ചുറ്റുപാടില്‍ വളര്‍ന്ന അഹല്യാബായ് പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് നല്കിയ സദ്ഭരണം മാതൃകാപരമാണ്. രാമരാജ്യം ദേവിയുടെ മാതൃകയും ഛത്രപതി ശിവാജി ആദര്‍ശവുമായിരുന്നു. യുധിഷ്ഠിരന്റെ ധര്‍മ്മപാലനവും ചാണക്യന്റെ നയതന്ത്രവും ദേവിക്ക് ഒരുപോലെ വഴങ്ങി.
ചാണക്യന്‍ ചന്ദ്രഗുപ്തനെ തിരിച്ചറിഞ്ഞതുപോലെയാണ് മല്‍ഹാര്‍റാവു അഹല്യ ദേവിയെ തിരിച്ചറിഞ്ഞതും പുത്രവധുവായി തെരഞ്ഞെടുത്തതുമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സാധാരണക്കാരിയായ മഹാറാണിയായിരുന്നു അഹല്യാബായ്. ആഡംബരങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുകയും ഇതരനാട്ടുരാജ്യങ്ങളുടെ ക്ഷേമത്തിന് സഹായം നല്‍കുകയും ചെയ്തു. ധര്‍മ്മവിരുദ്ധരെ ശിക്ഷിച്ചു. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ നടപ്പാക്കി. സുതാര്യതയിലൂടെ അഴിമതി തടഞ്ഞു. ഇനം അനുസരിച്ച് നികുതി സമ്പ്രദായം നടപ്പാക്കി. തുണി വ്യവസായവും കൈത്തറിയും പ്രോത്സാഹിപ്പിച്ചു. ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നവീകരിച്ചു. രാജ്യത്തിന്റെ സ്വത്തല്ല, പരമ്പരാഗതമായി ലഭിച്ച സമ്പത്താണ് ഇതിനെല്ലാം റാണി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഗോരഖ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പൂനം ടണ്ടന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷന്‍ പ്രൊഫ. ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ, ധ്യേയ മാര്‍ഗ് എഡിറ്റര്‍ പ്രൊഫ. സദാനന്ദ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post