തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്. ഇത്തവണ ശനിയാഴ്ചയാണ് പൂജവയ്പെങ്കിലും നാള്‍ പ്രകാരം വ്യാഴാഴ്ച വൈകിട്ടുതന്നെ പൂജവയ്‌ക്കുമെന്നത് ആചാര്യന്മാർ ശരിവച്ചതോടെയാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
വിവിധ മേഖലയില്‍ ആയുധപൂജ നടക്കുമെന്നതിനാല്‍ ഇത് പിന്നീട് പൊതു അവധിയാക്കുകയായിരുന്നു. വെള്ളിയാഴ്ച അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻടിയു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നേരത്തേ തീരുമാനമെടുത്തത്. പൂജവയ്‌പ്പ് ഒക്ടോബർ10 വ്യാഴാഴ്ച വൈകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്.
സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചായിരുന്നു ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്. നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്‌പ്പ്. എല്ലാ വർഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ സരസ്വതി ദേവിയ്‌ക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്‌പ്പ്. കൊല്ലൂർ മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും.
Discussion about this post